കനത്തമഴ ; കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടല്‍, വ്യാപക കൃഷിനാശം
ശക്തമായ മഴയില്‍ ജനജീവിതം സ്തംഭിച്ച അവസ്ഥയില്‍ മധ്യകേരളം. കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് ജനജീവിതം ദുഷ്‌കരമായ സ്ഥിതിയാണ്. ട്രാക്കില്‍ വെള്ളം കയറി ട്രയിന്‍ ഗതാഗതം താറുമാറായി. പല ആദിവാസ ഊരുകളും ഒറ്റപ്പെട്ട നിലയിലാണ്. തീരമേഖലയില്‍ കടലാക്രമണവും ശക്തമായിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ എറണാകുളത്ത് ഒരാള്‍ മരിച്ചു.
കൂടാതെ വിവിധയിടങ്ങളില്‍ ഉരുള്‍ പൊട്ടലും കൃഷിനാശവുമുണ്ടായി. കനത്ത മഴയില്‍ കൊച്ചിയിലെ കമ്മട്ടിപ്പാടത്തെ വീടുകളിലെല്ലാം വെള്ളംകയറി. എംജി റോഡിലും വെള്ളം കയറി. കെ.എസ്ആര്‍ടിസി സ്റ്റാന്‍ഡ് പൂര്‍ണമായും വെള്ളത്തിലായി. പൂത്തോട്ടയില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. പെരിയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുകയാണ്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കുകളെല്ലാം വെള്ളത്തിലാണ്. ആലപ്പുഴ ചന്തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു.
മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസിന് മുകളിലേക്കാണ് രാവിലെ 6.45 ഓടെ മരംവീണത്. ട്രെയിന്റെ ഏറ്റവും പിന്നിലെ ബോഗിക്ക് മുകളിലാണ് മരം വീണത്. ആളപായമില്ല. ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ എല്ലാം വൈകിയാണ് ഓടുന്നത്. ആലപ്പുഴ-ചങ്ങനാശ്ശേരി എസി റോഡില്‍ വെള്ളം കയറി. ഇതുവഴിയുള്ള സര്‍വീസ് കെഎസ്ആര്‍ടിസി താത്കാലികമായി നിര്‍ത്തിവെച്ചു. കുട്ടനാട്ടില്‍ 500 ഏക്കര്‍ കൃഷി നശിച്ചു. പലയിടത്തും മടവീണു.
അതേസമയം മഴക്കെടുതിയില്‍ സംസ്ഥാനത്ത് നാല് പേര്‍ മരിച്ചു മുന്നു പേരെ കാണാതായി. കോഴിക്കോട് ജില്ലയില്‍ രണ്ടു പേരും ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തരുമാണ് മരിച്ചത്. രണ്ടുപേര്‍ മരം വീണും ഒരാള്‍ ഷോക്കേറ്റുമാണു മരിച്ചത്. ഒരാള്‍ വെള്ളക്കെട്ട് കടന്നു പോകവെ ബൈക്കില്‍നിന്നു വീണു ബസിനടിയില്‍ പെട്ടാണ് മരിച്ചത്. ഏഴുവയസുകാരനടക്കം മൂന്നു പേരെയാണ് കാണാതായിട്ടുള്ളത്. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്.
ഒഡീഷ തീരത്തെ ന്യൂനമര്‍ദ്ദം മൂലം പടിഞ്ഞാറന്‍ കാറ്റ് ശക്തമായതോടെയാണു തെക്കന്‍ ജില്ലകളില്‍ മഴ കനത്തത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്. കനത്ത മഴയില്‍ പമ്പാനദി കരകവിഞ്ഞു. പുനലൂര്‍- മൂവാറ്റുപുഴ റോഡില്‍ ചെത്തോങ്കരയില്‍ വെള്ളം കയറി. അരയാണലിമണ്‍ ക്രോസ്വേ മുങ്ങി. മൂഴിയാര്‍, മണിയാര്‍ അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്.
പമ്പാനദിയില്‍ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ജനങ്ങള്‍ക്കു ജാഗ്രതാനിര്‍ദേശമുണ്ട്. വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം ഷട്ടറുകള്‍ ഏതു നിമിഷവും തുറക്കും. കിഴക്കന്‍വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കുട്ടനാട് മുങ്ങി. കാറ്റിലും മഴയിലും സംസ്ഥാനത്ത് എഴുനൂറിടങ്ങളില്‍ വൈദ്യുതി ലൈന്‍ പൊട്ടിയെന്നാണു റിപ്പോര്‍ട്ട്.