പശുവിന്‍റെ പേരില്‍ വീണ്ടും കൊലപാതകം ; രാജസ്ഥാനില്‍ ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു

രാജസ്ഥാനിലെ ആള്‍വാറില്‍ പശുക്കളുമായി പോവുകയായിരുന്ന ആളിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. അക്ബര്‍ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. രണ്ടു പശുക്കളുമായി പോകുമ്പോഴായിരുന്നു ആക്രമണം. ആള്‍വാറിലെ രാംഗഡില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഹരിയാണയിലെ തന്റെ ഗ്രാമമായ കൊല്‍ഗാനില്‍ നിന്നാണ് അക്ബര്‍ ഖാന്‍ പശുക്കളുമായി എത്തിയത്. ഇദ്ദേഹം പശുക്കടത്തുകാരനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

ലോക്സഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ച് ലോക്‌സഭയില്‍ ചൂടേറിയ വാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ ആള്‍ക്കൂട്ട കൊലപാതകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൃതദേഹം ആല്‍വാര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ വര്‍ഷവും 50 വയസുള്ള പെഹ്‌ലു ഖാന്‍ എന്നയാളെ ആള്‍വാറില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. ഇതിന്റെ വാര്‍ഷിക ദിനത്തില്‍ തന്നെയാണ് അടുത്ത കൊലപാതകവും അരങ്ങേറിയത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം ഇതുവരെ ആരെയെങ്കിലും അറസ്റ്റ് ചെയ്തതായി വിവരമില്ല.