കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ; സുപ്രധാന ബില്‍ ലോക്സഭ പാസാക്കി
ന്യൂഡല്‍ഹി : പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ നല്‍കുന്നതിനുള്ള സുപ്രധാന ബില്‍ ലോക്സഭ പാസാക്കി. ശബ്ദവോട്ടോടുകൂടിയാണ് ലോക്സഭയില്‍ ബില്‍ പാസാക്കിയത്. ഭൂരിപക്ഷം അംഗങ്ങളും ബില്ലിനെ അനുകൂലിച്ചു. അതേസമയം ബില്‍ പാസാക്കിയെടുക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗത്തെ ചില പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍ത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
ബലാത്സംഗ കേസില്‍ ഏറ്റവും ചുരുങ്ങിയ ശിക്ഷ ഏഴ് വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷം തടവാക്കി ഉയര്‍ത്തി. 16 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍ ലഭിക്കുന്ന ശിക്ഷ പത്തില്‍ നിന്ന് 20 വര്‍ഷം തടവാക്കി. 16 വയസിന് താഴെയുള്ള കുട്ടികളെ കൂട്ട ബലാത്സംഗം ചെയ്താല്‍ ജീവപര്യന്തം തടവ് ലഭിക്കും. അതേ സമയം 12 വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്താല്‍ ചുരുങ്ങിയത് 20 വര്‍ഷം തടവാണ് ലഭിക്കുക. ഏറ്റവും കൂടിയത് വധശിക്ഷയും. 12 വയസിന് താഴെയുള്ള കുട്ടികളെ കൂട്ട ബലാത്സംഗം ചെയ്താല്‍ ജീപര്യന്തവും ലഭിക്കും.
ബലാത്സംഗം കേസുകള്‍ വേഗത്തിലുള്ള അന്വേഷണവും വിചാരണയും വേണമെന്നും ബില്ലില്‍ പറയുന്നുണ്ട്. രണ്ടു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണം. ബലാത്സംഗ കേസുകള്‍ പുനര്‍വിചാരണയ്ക്ക് ആറു മാസത്തെ പരിധി അനുവദിച്ചിട്ടുണ്ട്. 16 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗമോ, കൂട്ടബലാത്സംഗത്തിനിരയാക്കുകയോ ചെയ്ത ഒരാള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ബില്ലില്‍ പറയുന്നു. വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ക്രിമിനല്‍ നിയമത്തില്‍ നിയഭേദഗതി വരുത്തിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഏപ്രില്‍ 21 ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. കഠുവ, ഉന്നാവ് ബലാത്സംഗ കേസുകളുടെ ചുവടുപിടിച്ചായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നടപടി.