കനത്ത മഴയില്‍ മുങ്ങി കേരളം ; കടലാക്രമണം രൂക്ഷം, ഉരുള്‍പൊട്ടല്‍, റോഡ്‌ ഗതാഗതം താറുമാറായി

ഒഡീഷ തീരത്തുണ്ടായ അന്തരീക്ഷ ചുഴി കാരണം കേരളത്തില്‍ അതിശക്തമായ മഴ. തിങ്കളാഴ്ച രാത്രിയോടെ തുടങ്ങിയ മഴ ഇന്നും മിക്കയിടങ്ങളിലും ശക്തമായി തുടരുകയാണ്. മഴയെ തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്ത് തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം ആരംഭിച്ച മഴ ശമനമില്ലാതെ ഇപ്പോഴും തുടരുകയാണ്. പൊട്ടിവീണ വൈദ്യുത കമ്പിയില്‍ ചവിട്ടി ഷോക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഒരാള്‍ മരിച്ചു.

മഴയെ തുടര്‍ന്ന്‍ നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. ആലപ്പുഴ, പത്തനംതിട്ട, കണ്ണൂര്‍, ഇടുക്കി, കോഴിക്കോട് ജില്ലകളിലും മഴ ശക്തമായി തുടരുകയാണ്. സംസ്ഥാനത്ത് അഞ്ചു ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച വരെ ശക്തമായ മഴ പെയ്യും. മലയോര മേഖലകളില്‍ പല ഇടങ്ങളിലും ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. മഴയ്‌ക്കൊപ്പം കാറ്റമുണ്ടാകും. അതിരപ്പള്ളിയില്‍ സഞ്ചാരികള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി വിനോദ സഞ്ചാര കേന്ദ്രം അടിച്ചു.

കോഴിക്കോട് ഈങ്ങാപ്പുഴയില്‍ എന്‍.എച്ച് 212 ല്‍ വെള്ളം കയറി. ഏതു നിമിഷവും ഈ വഴിയുള്ള യാത്ര തടസപ്പെടാന്‍ സാധ്യതയുണ്ട്. അതിശക്തമായ മഴ തുടരുന്നു. വയനാട് മൈസൂര്‍, ബെംഗളൂരു യാത്രക്കാര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും. തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലെ ട്രാക്കില്‍ വെള്ളം കയറിയതുമൂലം ട്രെയിനുകള്‍ പലതും വൈകിയാണ് ഓടുന്നത്.