വ്യഭിചാരക്കേസുകളില്‍ പുരുഷന്‍മാരെ മാത്രം കുറ്റക്കാരാക്കുന്നത് അവകാശലംഘനം : സുപ്രീംകോടതി

ന്യൂഡല്‍ഹി : വ്യഭിചാര കേസുകളില്‍ പുരുഷന്‍മാരെ മാത്രം കുറ്റക്കാരാക്കുന്നത് തുല്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. നിലവിലുള്ള നിയമം വിവാഹിതരായ പുരുഷനും സ്ത്രീക്കും വ്യത്യസ്ത പരിഗണനയാണ് നല്‍കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

പുരുഷനെ കുറ്റവാളിയായും സ്ത്രീയെ ഇരയായും കാണുന്നത് യുക്തിപരമല്ല. സ്ത്രീ പുരുഷന്റെ സ്വത്തല്ലെന്നും കോടതി പറഞ്ഞു. തുല്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നതിന്റെ പേരില്‍ വ്യഭിചാരത്തെ കുറ്റകൃത്യമായി പരിഗണിക്കാതിരിക്കുകയാണെങ്കില്‍ സ്ത്രീയേയും പുരുഷനെയും ശിക്ഷിക്കാനാവില്ല. എന്നാല്‍ വിവാഹബന്ധം വേര്‍പെടുത്തുന്നതിനും മറ്റു സിവില്‍ നടപടികള്‍ക്കും വ്യഭിചാരം ഒരു കാരണമായി പരിഗണിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

വ്യഭിചാരം കുറ്റകൃത്യമാക്കുന്ന വകുപ്പ് എടുത്തുകളഞ്ഞാല്‍ അത് വിവാഹം എന്ന സ്ഥാപനത്തിന്റെ നിലനില്‍പ്പിനെ കാര്യമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. വിവാഹത്തിന്റെ പരിശുദ്ധി നിലനിര്‍ത്താനും അതിനെ സംരക്ഷിക്കാനുമായാണ് ഇത്തരമൊരു വകുപ്പ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതെന്നും അത് ഇന്ത്യന്‍ സമൂഹത്തിന്റെ സവിശേഷ ഘടനയ്ക്കും സംസ്‌കാരത്തിനും അനിവാര്യമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ജോസഫ് ഷൈന്‍ എന്നയാളാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഭര്‍തൃമതിയായ സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്‍ നിയമനടപടികള്‍ക്ക് വിധേയനാവുകയും കൃത്യത്തില്‍ തുല്യപങ്കാളിയായ സ്ത്രീയെ വെറുതെവിടുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. വൈവാഹിക ജീവിതത്തിലെ വിശ്വസ്തത സ്ത്രീക്കും പുരുഷനും ഒരു പോലെ ബാധകമാണെന്ന് കോടതി പറഞ്ഞു. പുരുഷന്‍ മാത്രം ശിക്ഷാര്‍ഹനാകുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ്.