പ്രളയദുരിതാശ്വാസത്തിലേക്ക് കേളി 10 ലക്ഷം രൂപ നല്‍കി
ജേക്കബ് മാളിയേക്കല്‍
സൂറിച്ച്: സ്വിറ്റ്സര്‍ലാന്‍ഡിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് 10 ലക്ഷം രൂപ നല്‍കി. തിരുവനന്തപുരത്ത് മുഖ്യ മന്ത്രിയുടെ ഓഫീസില്‍ വച്ച് കേളിയുടെ പ്രതിനിധികള്‍ 10 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് കൈമാറി. വ്യവസായ വകുപ്പ് മന്ത്രി ജയരാജന്‍,കേളിയുടെ ആദ്യ പ്രസിഡണ്ട് ബേബി കാക്കശ്ശേരി, ആദ്യകാല അംഗങ്ങളായ വിന്‍സന്റ് തണ്ടിയേക്കല്‍, ജോണ്‍സണ്‍ മാമ്പിള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വിറ്റ്സര്‍ലണ്ടിലെ മലയാളീ കൂട്ടായ്മയായ കേളി നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുകയും സെപ്റ്റംബര്‍ എട്ടിന് സൂറിച്ചില്‍ ഒരുക്കുന്ന സംഗമത്തിന് ആശംസകള്‍ നേരുകയും ചെയ്തു.
കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ കേളി സജീവപങ്കാളി ആവുമെന്ന് കേളി പ്രസിഡന്റ് ബെന്നി പുളിക്കല്‍ പറഞ്ഞു. കേരളത്തിലെ ദുരിതാശ്വാസ,പുനര്‍നിര്‍മ്മാണ പ്രക്രിയയിലേക്ക് കേളി ഒരുക്കുന്ന ഓണസംഗമത്തില്‍ നിന്നുള്ള മുഴുവന്‍ വരുമാനവും കൂടാതെ സ്വരൂപിക്കുന്ന ഫണ്ടും വിനിയോഗിക്കും. സ്വിറ്റ്സര്‍ലണ്ടിലെ സുമനസ്സുകളായ എല്ലാ മലയാളികളുടെയും സാന്നിദ്ധ്യസഹകരണം അഭ്യര്‍ത്ഥിക്കുന്നതായും കേളി പ്രസിഡണ്ട് അറിയിച്ചു.