8 കോടിയുടെ ഹാഷിഷുമായി പാലക്കാട് തമിഴ് യുവതി അറസ്റ്റില്‍
വിപണിയില്‍ എട്ടു കോടി രൂപ വിലമതിക്കുന്ന രണ്ടുകിലോഗ്രാം ഹാഷിഷ് ഓയിലുമായി തമിഴ് യുവതി ഒലവക്കോട്ട് പിടിയിലായി. കന്യാകുമാരി അല്‍വാര്‍കോവില്‍ സ്വദേശി സിന്ധുജ(21)യാണ് എക്‌സൈസ് ഇന്റലിജന്റ്‌സ് ബ്യൂറോയും സ്‌പെഷ്യല്‍ സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് സിന്ധുജ പിടിയിലായത്. തോള്‍ബാഗില്‍ പ്ലാസ്റ്റിക് സഞ്ചികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഇവ.ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നും തൃശൂരിലേക്ക് കടത്തുകയായിരുന്നു ഇവ. തൃശ്ശൂര്‍ ചാവക്കാട് സ്വദേശിയായ ജാബിറിനു വേണ്ടി കടത്തുകയായിരുന്നു ഇവയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒരു ലക്ഷം രൂപയാണ് സിന്ധുജയുടെ പ്രതിഫലം. ഇത് 17 തവണയാണ് സിന്ധുജ ചാവക്കാടേക്ക് ഹാഷിഷ് എത്തിക്കുന്നതെന്നും കേരളത്തില്‍ നിന്ന് ഒമാനിലേക്ക് കടത്താനാണ് ഇത് എത്തിക്കുന്നതെന്നും ഇവര്‍ മൊഴി നല്‍കി. ഏറ്റവും ശുദ്ധമായ നിലയിലുള്ള ഹാഷിഷാണ് പിടികൂടിയത്. ഏകദേശം 70 കിലോയോളം കഞ്ചാവ് വാറ്റിയാലാണ് രണ്ട് കിലോ ഹാഷിഷ് ലഭിക്കുകയെന്നും അധികൃതര്‍ അറിയിച്ചു.
എറണാകുളത്ത് നടക്കുന്ന ഡി.ജെ പാര്‍ട്ടികളിലും ഹാഷിഷ് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതായും എക്‌സൈസ് അധികൃതര്‍ വെളിപ്പെടുത്തി.