സിബിഐയിലെ അഭ്യന്തരപ്രശ്നം ; അന്വേഷണം വേണമെന്ന് സുപ്രീംകോടതി
സിബിഐയിലെ ഇപ്പോഴുള്ള അഭ്യന്തരപ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് സുപ്രീംകോടതി. സിബിഐയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ അപ്രതീക്ഷിത അഴിച്ചു പണി സ്റ്റേ ചെയ്യാതെയാണ് സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ സിബിഐയിലെ പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു.
സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.കെ.പട്‌നായിക്കിന്‍രെ നേരിട്ടുള്ള മേല്‍നോട്ടത്തിലാവും അന്വേഷണമെന്നും അന്വേഷണം കഴിയും വരെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച പുതിയ സിബിഐ മേധാവി എ.നാഗേശ്വരറാവു നിര്‍ണായക തീരുമാനങ്ങളൊന്നും എടുക്കരുതെന്നും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം മേല്‍നോട്ടം വഹിച്ചാല്‍ മതിയെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 23–ന് ചുമതലയേറ്റ നാഗേശ്വരറാവു സിബിഐയില്‍ നടത്തിയ അഴിച്ചു പണികളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് കേന്ദ്രക്യാബിനറ്റ് സെക്രട്ടറി നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
സിബിഐ മേധാവി സ്ഥാനത്ത് നിന്ന് കേന്ദ്രസര്‍ക്കാര്‍ നീക്കിയ അലോക് വര്‍മ്മയും അഭിഭാഷകനായ പ്രശാന്ത് ഭൂഷണും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് സിവിസി അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടത്. ദീപാവലി അവധി കഴിഞ്ഞ് നടപടികളെടുക്കാം എന്ന് കേന്ദ്ര പേഴ്‌സണല്‍ കാര്യമന്ത്രാലയത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടപ്പോള്‍ വിജിലന്‍സ് കമ്മീഷണര്‍ക്ക് അവധി ബാധകല്ലെന്ന മറുപടിയാണ് സുപ്രീംകോടതി നല്‍കിയത്.
ആദ്യം പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ മൂന്നാഴ്ച്ച എങ്കിലും സമയം വേണമെന്ന് സര്‍ക്കാര്‍ അഭിഭാഷകനായ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച്ച സമയം അനുവദിച്ചു.
രാജ്യതാത്പര്യം സംരക്ഷിക്കേണ്ട കേസാണിതെന്നും സിബിഐയില്‍ എന്താണ് നടക്കുന്നതെന്ന് ജനങ്ങള്‍ ഉറ്റുനോക്കുന്നുണ്ടെന്നും കേസ് പരിഗണിച്ചു കൊണ്ട് സുപ്രീംകോടതി നിരീക്ഷിച്ചു. സിബിഐ മേധാവി അലോക് വര്‍മ്മയോടും ജോയിന്റ് ഡയറക്ടര്‍ രാകേഷ് അസ്താനയും നല്‍കിയ പരാതിയിലും സിബിഐയിലെ മറ്റു പ്രശ്‌നങ്ങളെക്കുറിച്ചും ചീഫ് വിജിലന്‍സ് കമ്മീഷണര്‍ അന്വേഷിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.