ഫേസ്ബുക്ക് വഴി പ്രേമം ; അവസാനം കമിതാക്കള്‍ ട്രെയിന് മുന്നില്‍ ചാടി, മരിച്ചത് കാമുകന്‍ മാത്രം

ഫേസ്ബുക്ക് വഴി തുടങ്ങിയ പ്രണയം വിവാഹിതനായ ഒരാളിന്‍റെ ജീവനെടുത്തു ; ഭര്‍തൃമതിയും ശ്രീലങ്കന്‍ സ്വദേശിയുമായ കാമുകി പരിക്കുകളോടെ രക്ഷപ്പെട്ടു. പിരിയാന്‍ കഴിയാതെവന്നതോടെ ഇരുവരും തീവണ്ടിക്കു മുന്നില്‍ ചാടുകയായിരുന്നു. പൊള്ളാച്ചിയിലാണ് സംഭവം.

പൊള്ളാച്ചി വെങ്കിടേശ്വര കോളനി സ്വദേശി ധര്‍മ്മലിംഗമാണ്(55) മരിച്ചത്. ശ്രീലങ്ക ഖണ്ഡി സ്വദേശിനിയാണ് പരിക്കേറ്റ 41-കാരി. ഒരു വര്‍ഷമായി രണ്ടുപേരും ഫേസ്ബുക്കിലൂടെ സൗഹൃദത്തിലാകുകയും പ്രണയത്തില്‍ കലാശിക്കുകയുമായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ ധര്‍മ്മലിംഗത്തെ കാണാന്‍ യുവതി ഇന്ത്യയിലേക്ക് വന്നു. രണ്ടുപേരും വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്തു. നവംബര്‍ 15-ന് യുവതിയുടെ വിസയുടെ കാലാവധി തീര്‍ന്നു. ശ്രീലങ്കയ്ക്ക് തിരികെ പോകുന്നതില്‍ ഇവര്‍ക്കുള്ള വിഷമം കണ്ട് രണ്ടുപേരും ആത്മഹത്യക്ക് തീരുമാനിക്കുകയായിരുന്നുവെന്ന് പറയുന്നു.

ചൊവ്വാഴ്ച 4.30-ന് പൊള്ളാച്ചിയില്‍നിന്ന് ചെന്നൈക്ക് പോയ തീവണ്ടിക്കു മുന്‍പിലാണ് രണ്ടുപേരും ചാടിയത്. ധര്‍മ്മലിംഗം മൂന്നു മക്കളുടെ പിതാവാണ്. എന്നാല്‍ ചെറിയ പരിക്കുകള്‍ മാത്രമേ സ്ത്രീക്ക് പറ്റിയിട്ടുള്ളൂ.