പ്രായപൂര്‍ത്തിയാകാത്ത ചെറുമകളുടെ വിവാഹം എതിര്‍ത്ത മുത്തച്ഛനെ മകന്‍ കൊലപ്പെടുത്തി

പ്രായപൂര്‍ത്തിയാകാത്ത ചെറുമകളുടെ വിവാഹം എതിര്‍ത്ത മുത്തച്ഛനെ സ്വന്തം മകന്‍ കൊലപ്പെടുത്തി. കര്‍ണാടകയിലെ കാരേനഹള്ളി സ്വദേശി ഈശ്വരപ്പ(70)യാണ് കൊല്ലപ്പെട്ടത്. ഈശ്വരപ്പയുടെ മകനും പെണ്‍കുട്ടിയുടെ പിതാവുമായ കുമാറും ഇയാളുടെ സുഹൃത്തും വരന്റെ പിതാവുമായ സുബ്രഹ്മണിയും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.

15 വയസ് മാത്രം പ്രായമുള്ള കൊച്ചുമകളുടെ വിവാഹം തീരുമാനിച്ചത് മുതല്‍ മകനുമായി വഴക്കിലായിരുന്നു ഈശ്വരപ്പ. വിവാഹം നടത്തരുതെന്ന ഈശ്വരപ്പയുടെ ആവശ്യം ശക്തമായതോടെയാണ് മകന്‍ കുമാറും വരന്റെ അച്ഛന്‍ സുബ്രഹ്മണിയും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.

ഇതിനിടെ വിവാഹത്തെ എതിര്‍ത്ത് ഇദ്ദേഹം ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിരുന്നു. വിവരമറിഞ്ഞെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ ഇവിടെ നിന്നും ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തുടര്‍ന്ന് കുമാറും സുബ്രഹ്മണിയും ഈശ്വരപ്പയുമായി വഴക്കിടുകയും ഇദ്ദേഹത്തെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുബ്രഹ്മണി ഇപ്പോഴും ഒളിവിലാണ്.