വനിതാ മതില്‍ കേരളത്തെ ചെകുത്താന്റെ നാടാക്കി മാറ്റുമെന്ന് സുകുമാരന്‍ നായര്‍
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വനിതാ മതിലിനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ രംഗത്ത്.
വനിതാ മതില്‍ കേരളത്തെ ചെകുത്താന്റെ നാടാക്കി മാറ്റുമെന്നും സമദൂരത്തെ എതിര്‍ക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും അദ്ദേഹം പറയുന്നു. മന്നം ജയന്തിയോടനുബന്ധിച്ച് നടന്ന നായര്‍ പ്രതിനിധി സഭയില്‍ സംസാരിക്കുമ്പോഴായിരുന്നു സുകുമാരന്‍ നായരുടെ രൂക്ഷ വിമര്‍ശനം.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എത്ര തവണ മലക്കം മറിഞ്ഞുവെന്നും എന്‍ എസ് എസ് ചോദിക്കുന്നു. ആചാരം തകര്‍ക്കാന്‍ ഏത് മുഖ്യമന്ത്രി ശ്രമിച്ചാലും നടക്കില്ലെന്നും സര്‍ക്കാര്‍ നീക്കം ഗാന്ധിയന്‍ സമരത്തിലൂടെ നേരിടുമെന്നും ചെകുത്താന്റെ നാടായി കേരളത്തെ മാറ്റാനാണ് ശ്രമമെന്നും എന്‍ എസ് എസ് വിമര്‍ശിച്ചു.
അതേസമയം, എന്‍ എസ് എസിന് രാഷ്ട്രീയമില്ലെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഏത് രാഷ്ട്രീയം സ്വീകരിക്കാനും അംഗങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ മന്നത്തിന്റെ പാതയിലല്ല എന്‍എസ്എസ് എന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് എന്താണവകാശം.
ആചാരവും അനുഷ്ടാനവും എന്താണെന്നറിയാത്തവരാണ് എന്‍എസ്എസിനെ നവോത്ഥാനം പഠിപ്പിക്കാന്‍ വരുന്നത്. ഒരു സര്‍ക്കാര്‍ കൈയിലുണ്ടെന്ന് കരുതി വിശ്വാസത്തെ തകര്‍ക്കാന്‍ ഏത് മുഖ്യമന്ത്രി വന്നാലും എന്‍എസ്എസ് തടയും. എന്‍എസ്എസിന് നേരെ ആരും കണ്ണുരുട്ടി വരേണ്ടെന്നും അദ്ദേഹം പറഞ്ഞു.