പ്രളയം മനുഷ്യനിർമ്മിതം ; സര്‍ക്കാരിനെ കുഴപ്പത്തിലാക്കി ഹൈക്കോടതിയിൽ ഹർജിയുമായി ഇ ശ്രീധരൻ

കേരളത്തെ വിഴുങ്ങിയ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജിയുമായി ഡോ.ഇ.ശ്രീധരന്‍. പ്രളയത്തെപ്പറ്റി വിശദമായ സാങ്കേതിക പഠനം ആവശ്യമെന്ന് മുഖ്യമന്ത്രിക്കും പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാനും കത്ത് അയച്ചിരുന്നെങ്കിലും അത് സര്‍ക്കാര്‍ അവഗണിച്ചു എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഫൗണ്ടേഷന്‍ ഫോര്‍ റീസ്റ്റോറേഷന്‍ ഓഫ് നാഷണല്‍ വാല്യൂസ് സൊസൈറ്റിയുടെ പ്രസിഡന്റ് എന്ന നിലയ്ക്കാണ് ഇ ശ്രീധരന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

കൃത്യമായ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ സമാന ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാം എന്നും ഹര്‍ജിയില്‍ ഇ ശ്രീധരന്‍ വിശദമാക്കുന്നു. ഉന്നതതല ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ച് ദുരന്തത്തിന് കാരണമെന്തെന്ന് അന്വേഷിക്കണം. ഈ കമ്മിറ്റിക്ക് സര്‍ക്കാരിന്റെ പിന്തുണ ഉറപ്പുവരുത്തണം എന്നിവ ആണ് ഹര്‍ജിയിലെ മറ്റു ആവശ്യങ്ങള്‍.

നേരത്തെ പ്രളയം മനുഷ്യനിര്‍മ്മിതമാണ് എന്ന പേരില്‍ പല ഭാഗത്ത് നിന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു എങ്കിലും സര്‍ക്കാര്‍ അതെല്ലാം തള്ളിക്കളയുകയായിരുന്നു. മുന്നറിയിപ്പില്ലാതെ പല ഡാമുകളും തുറന്നു വിട്ടതാണ് പ്രളയം ഇത്രമാത്രം രൂക്ഷമാകാന്‍ കാരണമായത് എന്ന് പ്രതിപക്ഷവും ആരോപണം ഉന്നയിച്ചിരുന്നു.