കേരളത്തിലല്ല ബംഗാളിലും കോൺഗ്രസുമായി ഒരു സഖ്യത്തിനുമില്ല : കോടിയേരി ബാലകൃഷ്ണൻ

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി യാതൊരുവിധ സഖ്യത്തിനുമില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഒരു സഖ്യവും സിപിഎം ഉദ്ദേശിക്കുന്നില്ലെന്ന് കോടിയേരി പറഞ്ഞു. സിപിഎം കോണ്‍ഗ്രസുമായി മുന്നണി ഉണ്ടാക്കി ലോക്‌സഭയില്‍ മത്സരിക്കില്ല. അത് ബംഗാളിലും ഉണ്ടാകില്ലെന്ന് കോടിയേരി എടുത്തു പറഞ്ഞു.

അതേസമയം കോണ്‍ഗ്രസുമായുള്ള ധാരണ പ്രാദേശികമായി തീരുമാനിക്കും. ബിജെപിയെ തോല്‍പ്പിക്കാനുള്ള അടവ് നയത്തിന്റെ ഭാഗമായി ധാരണ ആകാമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്, അത് ഓരോ ഇടങ്ങളിലെയും പ്രാദേശിക സാഹചര്യങ്ങള്‍ അനുസരിച്ചാകുമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിക്കുന്നത്

അതേസമയം ബംഗാളിലെ കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച് പോളിറ്റ് ബ്യറോ യോഗം ചര്‍ച്ച ചെയ്യും. പരസ്യ സഖ്യം പാടില്ലെന്ന നിലപാടിലാണ് കേരളത്തില്‍ നിന്നുള്ള സിപിഎം നേതാക്കള്‍. അതുപോലെ 236 സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ആര്‍എസ്എസുകാരുമായി ഞങ്ങള്‍ ബന്ധപ്പെടുമെന്ന് പറഞ്ഞാല്‍ കേരളത്തിലെ കൊച്ചുക്കുട്ടികള്‍ പോലും വിശ്വസിക്കില്ലെന്നും കോടിയേരി പറഞ്ഞു.

മുല്ലപ്പള്ളിക്കടക്കം ഒരു കോണ്‍ഗ്രസ് നേതാവിനും ആര്‍എസ്എസുകാരുടെ അടിക്കൊണ്ടിട്ടില്ല. ഞങ്ങളൊക്കെ ആര്‍എസ്എസിന്റെ മര്‍ദ്ദനമേറ്റവരാണ്. അത് കൊണ്ട് ആ കാട്ടി സിപിഎമ്മിന് നേര്‍ക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ വരണ്ട എന്നാണ് പറയാനുള്ളതെന്നും കോടിയേരി പറഞ്ഞു.