കുട്ടികളെ പീഡിപ്പിക്കുന്ന വൈദികര്‍ സാത്താന്‍മാരുടെ ഉപകരണം : ഫ്രാന്‍സിസ് മാര്‍പാപ്പ
കുട്ടികളെ പീഡിപ്പിക്കുന്ന വൈദികര്‍ സാത്താന്‍മാരുടെ ഉപകരണമാണ് എന്നും കുട്ടികള്‍ക്ക് എതിരായ ലൈംഗികാതിക്രമം നരബലിയ്ക്ക് തുല്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇത്തരം ചെന്നായ്ക്കളില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ സഭ പ്രതിജ്ഞാബന്ധരാണെന്നും പോപ് വ്യക്തമാക്കി.
ഈ കുറ്റകൃത്യം ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കാന്‍ യുദ്ധത്തിന് തയ്യാറാകണമെന്നും സഭയോട് മാര്‍പാപ്പ ആഹ്വാനം ചെയ്തു. അധികാരവും സ്വാര്‍ത്ഥതയും വൈദികരെ ദുഷിപ്പിച്ചിരിക്കുകയാണ്. പക്ഷേ ഇതിന് വില നല്‍കേണ്ടി വരുന്നത് സഭയാണെന്നും പോപ് പറഞ്ഞു. വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് മെത്രാന്‍ സമിതികളുടെ മാര്‍ഗ്ഗരേഖകള്‍ പുതുക്കണമെന്നും ശക്തിപ്പെടുത്തണമെന്നും മാര്‍പാപ്പ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വൈദികരുടെ ബാലപീഡനം തടയുന്നതിനായി വിളിച്ച ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലുദിവസം നീണ്ട പ്രത്യേക സമ്മേളനത്തില്‍ ലോകമെമ്പാടും നിന്നുളള 114 ബിഷപ്പുമാര്‍ക്ക് പുറമെ കന്യാസ്ത്രീകളടക്കം 10 വനിതകളും സമ്മേളനത്തില്‍ പങ്കെടുത്തു.