പരിശുദ്ധ പൌരസ്ത്യ കാതോലിക്കയുടെ വത്തിക്കാന്‍ സന്ദര്‍ശനം 2023 സെപ്റ്റംബര്‍ 9 മുതല്‍ 12 വരെ
ജെജി മാന്നാര്‍
റോം: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ പ്രധാന മേലധ്യക്ഷന് പരിശുദ്ധ പൌരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപൊലിത്തയുമായ മോറാന്‍ മാര്‍ ബസെലിയോസ് മാര്‍ത്തോമാ മാത്യൂസ് ത്രിദീയന്‍ ബാവ 2023 സെപ്റ്റംബര്‍ മാസത്തില്‍ വത്തിക്കാന്‍ സന്ദര്‍ശനം നടത്തുന്നു. കത്തോലിക്കാ സഭയുടെ പ്രധാന മേലധ്യക്ഷന് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അതിഥി ആയാണ് പരിശുദ്ധ ബാവ വത്തിക്കാനില്‍ എത്തുന്നത്. ഇരു സഭാ തലവന്മാരും തമ്മിലുള്ള കൂടിക്കാഴ്ചയും സഭാ സൗഹൃദ ചര്‍ച്ചകളും സന്ദര്‍ശനത്തില്‍ നടക്കും.
റഷ്യന്‍ സന്ദര്‍ശന ശേഷം സെപ്റ്റംബര്‍ 9 ന് ഉച്ചക്ക് 01:30 ന് റോമിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നത്. അന്ന് വൈകുന്നേരം 6 മണിക്ക് ബാവ സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ വിശുദ്ധ പത്രോസ് സ്ലീഹയുടെ കബറിടം സന്ദര്‍ശിച്ചു പ്രാര്‍ത്ഥന നടത്തും.
സെപ്റ്റംബര്‍ 10 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് റോമിലെ സെന്റ് പോള്‍സ് ബസലിക്കയില്‍ (വിശുദ്ധ പൗലോസ് സ്ലീഹയുടെ കബറിടം സ്ഥിതിചെയ്യുന്ന പള്ളി) പരിശുദ്ധ ബാവ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 12:30 ന് ഭക്ഷണം, തുടര്‍ന്ന് റോമിലെ മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭാ വിശ്വാസികളുമായുള്ള കൂടിക്കാഴ്ചയും നടക്കും. വൈകുന്നേരം 6 മണിക്ക് അര്‍മീനിയന്‍ ഓര്‍ത്തഡോക്ള്‍സ് സഭയുടെ ആഭിമുഖ്യത്തില്‍ ഉള്ള എക്കുമിനിക്കല്‍ മീറ്റിംഗ്ല് ബാവ പങ്കെടുക്കും.
സെപ്റ്റംബര്‍ 11 തിങ്കളാഴ്ച രാവിലെ 9 മണിക്ക് പരിശുദ്ധ ഫ്രാന്‍സിസ് ഒന്നാമന് മാര്‍പാപ്പയും പരിശുദ്ധ മാത്യൂസ് ത്രിദീയന്‍ കാതോലിക്കാ ബാവയും തമ്മിലുള്ള ഔദ്യോഗിക കൂടിക്കാഴ്ച്ച നടത്തും. 11 മണി മുതല്‍ Disastery for promoting Christian Unity-യുടെ പരിപാടിയും അതിന്റ ഭാഗമായി വൈകുന്നേരം 4 മണി മുതല്‍ സിസ്റ്റീന്‍ ചാപ്പല്‍, വത്തിക്കാന്‍ മ്യൂസിയം, റോമിലെ സാന്ത മരിയ മാജിയോര ബസലിക്ക എന്നിവയും സന്ദര്‍ശിക്കും.
സെപ്റ്റംബര്‍ 12 ചൊവ്വാഴ്ച രാവിലെ വത്തിക്കാന്‍ സിനടിന്റെ ജനറല്‍ സെക്രട്ടറിയേറ്റു സന്ദര്‍ശനവും ഔദ്യോഗിക വിടവാങ്ങള്‍ ചടങ്ങുകളും നടക്കും. ഉച്ചക്ക് 2 മണിക്ക് നാല് ദിവസത്തെ ഔദ്യോഗിക വത്തിക്കാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പരിശുദ്ധ കാതോലിക്കാ ബാവ സ്വദേശത്തേക്ക് മടങ്ങും. പരിശുദ്ധ ബാവയുടെ വത്തിക്കാന്‍ സന്ദര്‍ശനത്തിന്റെ ക്രമീകരണങ്ങള്‍ പൂര്ത്തിആയതായി വത്തിക്കാന്‍ കേന്ദ്രങ്ങളും ഓര്‍ത്തഡോക്ള്‍സ് സഭ UK Europe and Africa ഭദ്രാസന മെത്രാപൊലിത്തയുടെ മേല്‍ നോട്ടത്തില്‍ റോമില്‍ നിന്ന് പാരിഷ് ഇന്‍ ചാര്‍ജ് ഫാ. ബിദേഷ്, സെക്രട്ടറി ജോര്‍ജ് ജോസ് (ജിജി റോം) വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
ഇപ്പോഴത്തെ പരിശുദ്ധ കാതോലിക്കാ ബാവ ഉപരിപഠനാര്‍ദ്ധം 1980 കളില്‍ റോമില്‍ താമസിച്ചിട്ടുള്ളതും 2017ല്‍ മെത്രാപൊലിത്ത ആയിരിക്കുമ്പോള്‍ തനിച്ചും അതിന് മുന്‍പ് പരിശുദ്ധ ബാസെലിയോസ് മാര്‍ത്തോമാ മാത്യൂസ് പ്രഥമന്‍ ബാവയോടൊപ്പവും റോമും വത്തിക്കാനും സന്ദര്ശിച്ചിട്ടുള്ളതുമാകുന്നു.
പൌരസ്ത്യ കാതോലിക്കയുടെ വത്തിക്കാന്‍ സന്ദര്ശനചരിത്രം ഒരു നൂറ്റാണ്ടിനോട് അടുത്ത് വരെ നീളുന്നതാണ്. 1937 ല്‍ നടന്ന WCC യുടെ എഡിന്‍ബറോ സമ്മേളനശേഷം മടക്ക യാത്രയില്‍ പരിശുദ്ധ ബാസെലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ നടത്തിയ സന്ദര്‍ശനം ആണ് ഈ സ്രെണിയിലെ ആദ്യത്തേത്. റോമില്‍ വിശുദ്ധ പത്രോസ്, പൗലോസ് എന്നീ സ്ലീഹന്മാരുടെ കബറിടങ്ങള്‍ ഉള്ള വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസലിക്കയും റോമിലെ സെന്റ് പോള്‍സ് ബസലിക്കയും അന്ന് പരിശുദ്ധ പിതാവ് സന്ദര്‍ശിച്ചു പ്രാര്‍ഥന നടത്തി.
ഇരു സഭാ തലവന്മാരുടെയും ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച്ച നടന്നത് 1964 ഡിസംബറില്‍ ആയിരുന്നു. ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ബോംബെയില്‍ എത്തിയ പരിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പാ, മലങ്കര സഭാ തലവന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബാസെലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ വാവയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. പാപ്പാ യുടെ ക്ഷണം സ്വീകരിച്ചു ഔഗേന്‍ ബാവ ബോംബെ (മുംബൈ) യില്‍ എത്തി സൗഹൃദസംഭാഷണം നടത്തി. വളരെ ഹൃദ്യമായിരുന്ന ആ കൂടിക്കാഴ്ച്ചയില്‍ വച്ച് കാതോലിക്കാ ബാവയെ വത്തിക്കാനിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ പരിശുദ്ധ ഔഗേന്‍ ബാവ പ്രായധിക്യത്താല്‍ യാത്ര ചെയ്തില്ല.
പരിശുദ്ധ പൌരസ്ത്യ കാതോലിക്കായുടെ ആദ്യ ഔദ്യോഗിക വത്തിക്കാന്‍ സന്ദര്‍ശനം 1983 ല്‍ ആയിരുന്നു. കിഴക്കിന്റെ മഹാനായ കാതോലിക്കാ പരിശുദ്ധ ബാസെലിയോസ് മാര്‍ത്തോമാ മാത്യൂസ് പ്രഥമന്‍ ബാവ 1983 ജൂണില്‍ പരിവാര സമേതം വത്തിക്കാന്‍ സന്ദര്‍ശനം നടത്തി. ഭാഗ്യസ്മരണാര്‍ഹരായ മാത്യൂസ് മാര്‍ കൂറിലോസ്, പൗലോസ് മാര്‍ ഗ്രേഗോരിയോസ് എന്നീ പിതാക്കന്മാരും ഈ സന്ദര്‍ശനത്തില്‍ ഉണ്ടായിരുന്നു.
മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ആദ്യ മാര്‍പാപ്പാ പരിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് ആണ്.1986 ഫെബ്രുവരി യില്‍ കേരളത്തില്‍ എത്തിയ അദ്ദേഹം പൌരസ്ത്യ കാതോലിക്കയുടെ ആസ്ഥാന ദൈവാലയമായ കോട്ടയം മാര്‍ ഏലിയാ കത്തിഡ്രലില്‍ വരികയും പരിശുദ്ധ മാത്യൂസ് പ്രഥമന്‍ ബാവയുടെ ആതിദ്യം സ്വീകരിക്കുകയും ചെയ്തു.
വളരെ സവിശേഷതകള്‍ ഉള്ളതായിരുന്നു 2013 ല്‍ പരിശുദ്ധ ബാസെലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ നടത്തിയ വത്തിക്കാന്‍ സന്ദര്‍ശനം. പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പാ യുടെ ക്ഷണം സ്വീകരിച്ചു വത്തിക്കാനില്‍ എത്തിയ ബാവ തിരുമേനിക്കും സംഘത്തിനും ലഭിച്ചത് വളരെ ഗംഭീരമായ സ്വീകരണം ആയിരുന്നു.
ഇപ്പോള്‍ പരിശുദ്ധ മാത്യൂസ് ത്രിദീയന്‍ ബാവ സെപ്റ്റംബറില്‍ നടത്തുന്ന സന്ദര്‍ശനത്തോട് കൂടി ഇരു സഭകളും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും. ബാവ യുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ക്രമീകരണങ്ങള്‍ക്ക് മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ ഭാഗത്തു നിന്നും UK, Europe and Africa ഭദ്രസന മെത്രാപൊലിത്ത അഭിവന്ദ്യ എബ്രഹാം മാര്‍ സ്തേഫാനോസ് തിരുമേനി നേതൃത്വം നല്കുന്നു.