കലൈമാമണി പുരസ്‌കാരം വിജയ് സേതുപതിയ്ക്ക്
ചെന്നൈ: കലാ, സാംസ്‌ക്കാരിക മേഖലയിലെ മികച്ച സംഭാവനകള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ നല്‍കുന്ന കലൈമാമണി പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. 201 പ്രതിഭകള്‍ക്കാണ് ഇത്തവണ കലൈമാമണി പുരസ്‌ക്കാരം നല്‍കുക. 2011 മുതല്‍ ഉള്ള പുരസ്‌ക്കാര ജേതാക്കളെയാണ് പ്രഖ്യാപിച്ചത്. എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് തമിഴ്‌നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.
കലൈമാമണി പുരസ്‌ക്കാരത്തോടൊപ്പം ഭാരതി പുരസ്‌ക്കാരങ്ങളും നൃത്തത്തിനുള്ള ബാലസരസ്വതി പുരസ്‌ക്കാരങ്ങളും സംഗീതത്തില്‍ പ്രതിഭ തെളിയിച്ചവര്‍ക്കുള്ള എംഎസ് സുബ്ബലക്ഷ്മി പുരസ്‌ക്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
വിജയ് സേതുപതി, ശശികുമാര്‍, യുവാന്‍ശങ്കര്‍ രാജ, പ്രിയാമണി, ഉണ്ണി മേനോന്‍, നിര്‍മ്മാതാവ് എ.എം രത്നം, ഛായാഗ്രാഹകന്‍ രവിവര്‍മ്മന്‍ എന്നിവരടക്കം പുരസ്‌ക്കാരത്തിനര്‍ഹരായിട്ടുണ്ട്. ഗായിക എസ്. ജാനകി, കര്‍ണാടിക് സംഗീതരംഗത്ത് ബോംബെ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന സി. സരോജയ്ക്കും സി. ലളിതക്കും ടിവി ഗോപാലകൃഷ്ണനുമാണ് എം.എസ് സുബ്ബലക്ഷ്മി പുരസ്‌ക്കാരത്തിനര്‍ഹരായത്. ഒരു ലക്ഷം രൂപയും പ്രശംസിപത്രവുമാണ് ഇവര്‍ക്ക് നല്‍കുക.