തിരുവനന്തപുരം : വനിതാദിനത്തില്‍ വനിതാ പൈലറ്റിനെ ടാക്സി ഡ്രൈവര്‍ അപമാനിച്ചു

വനിതാ ദിനത്തില്‍ തലസ്ഥാനത്ത് വനിതാ പൈലറ്റിനെ അപമാനിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഹോട്ടല്‍ റൂമിലേക്ക് പോകാന്‍ വാഹനം കാത്തുനിന്ന ദില്ലി സ്വദേശിനിയായ വനിതാ പൈലറ്റിനെയാണ് അജ്ഞാതനായ ഒരാള്‍ അശ്ലീല പരാമര്‍ശം നടത്തി അപമാനിച്ചത്. വിമാനത്താവളത്തിലെ തിരക്കേറിയ ഭാഗത്ത് വച്ചാണ് സംഭവം എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

വെള്ളിയാഴ്ച്ച രാത്രി 11.15-ഓടെയാണ് സംഭവം. ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ സെക്കന്‍ഡ് പൈലറ്റായാണ് യുവതി എത്തിയത്. വിമാനം ലാന്‍ഡ് ചെയ്ത ശേഷം പുറത്തേക്ക് വന്ന ഇവര്‍ ഹോട്ടലിലേക്ക് പോകാനായി ടാക്‌സിക്കായി കാത്തുനില്‍ക്കുന്നതിനിടെയാണ് ഒരു ടാക്‌സി ഡ്രൈവര്‍ യുവതിക്ക് അടുത്ത് എത്തി അശ്ലീല പരാമര്‍ശം നടത്തിയത്.

സംഭവമുണ്ടായ അപ്പോള്‍ തന്നെ യുവതി എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചെങ്കിലും അതിനോടകം തന്നെ ടാക്‌സി ഡ്രൈവര്‍ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞിരുന്നു. തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പരാതിയില്‍ കേസ് എടുത്ത പൊലീസ് യുവതിയെ വിളിച്ചു വരുത്തി മൊഴി എടുത്തു. വിമാനത്താവളത്തിലെ പിക്കപ്പ് പോയന്റില്‍ വച്ചാണ് മോശമനുഭവമുണ്ടായത് എന്നാണ് മൊഴിയില്‍ യുവതി പറയുന്നത്.

ഇതേ തുടര്‍ന്ന് വലിയതുറ പൊലീസ് വിമാനത്താവളത്തിലെത്തി സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. ടാക്‌സി ഡ്രൈവറെ കണ്ടാല്‍ അറിയാം എന്നാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്. എയര്‍ഇന്ത്യയുടെ പൈലറ്റാണ് പരാതിക്കാരിയായ യുവതി.