നാടോടി ബാലികയെ ക്രൂരമായി മര്‍ദിച്ച സി പി എം നേതാവിനെതിരെ പാർട്ടി നടപടി എടുക്കില്ല
11 വയസുകാരിയായ നാടോടി ബാലികയെ അതിക്രൂരമായി ആക്രമിച്ച സംഭവത്തില്‍ സി പി എം ഏരിയാ കമ്മിറ്റിയംഗവും പഞ്ചായത്ത് പ്രസിഡന്റുമായ പ്രതി സി രാഘവനെതിരെ പാര്‍ട്ടി നടപടി എടുക്കാതെ പാര്‍ട്ടി. രാഘവനെതിരെ പാര്‍ട്ടി നടപടി എടുക്കില്ല എന്ന് സി പി എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് വ്യക്തമാക്കി.
പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് പരിക്കേറ്റത് വീഴ്ച്ചയിലാണെന്നാണ് മനസിലാക്കിയത്. വീട്ടിലെ ആക്രി സാധനങ്ങള്‍ പെറുക്കുന്നത് തടയുക മാത്രമാണ് സി രാഘവന്‍ ചെയ്തതെന്നും ഇത് സ്വാഭാവിക നടപടിയാണെന്നും സി പി എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു. അതേസമയം, സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് സംഭവത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
സി.രാഘവനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പൊന്നാനി കോടതിയിലാണ് രാഘവനെ ഹാജരാക്കുന്നത്. ജീവന്‍ അപകടപ്പെട്ടേക്കാവുന്ന വിധത്തില്‍ മാരകമായി അടിച്ചു പരിക്കേല്‍പ്പിക്കല്‍ അടക്കം ജാമ്യമില്ലാത്ത വകുപ്പുകളാണ് രാഘവനെതിരെ ചങ്ങരംകുളം പൊലീസ് ചുമത്തിയിട്ടുള്ളത്. ഇതിനിടെ പരിക്കേറ്റ കുട്ടിയെ തുടര്‍ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് വിദഗ്ധ ചികിത്സയും പരിചരണവും വേണമെന്ന പൊന്നാനി താലൂക്ക് ആശുപത്രി ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കുട്ടിയെ മാറ്റിയത്.
ആശുപത്രിയില്‍ പോലീസ് കാവലിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടിയുടെ അമ്മ അടക്കമുള്ള ബന്ധുക്കള്‍ ആശുപത്രിയിലുണ്ട്. കുട്ടിയുടെ നെറ്റിയിലാണ് പരിക്കേറ്റത്.
ഇന്നു രാവിലെ പോലീസ് എത്തി കുട്ടിയുടെ മൊഴിയെടുത്തു. ഞായറാഴ്ചയായിരുന്നു സംഭവം. സിപിഎം എടപ്പാള്‍ ഏരിയാ കമ്മിറ്റി അംഗവും വട്ടംകുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സി.രാഘവനാണ് കുട്ടിയുടെ തലയ്ക്കടിച്ചത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടനിര്‍മാണം നടക്കുന്ന സ്ഥലത്തു കുട്ടി അതിക്രമിച്ചുകയറിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
തമിഴ്‌നാട്ടുകാരിയായ പതിനൊന്നുവയസുള്ള കുട്ടിയും അമ്മയും മറ്റൊരു സ്ത്രീയുമാണ് ഇവിടെ പഴയ സാധനങ്ങള്‍ പെറുക്കാനെത്തിയത്. സ്ഥലത്തുണ്ടായിരുന്ന രാഘവന്‍ ഉടനെ ഇവരെ ആട്ടിയോടിക്കുകയും കുട്ടിയുടെ കൈയിലുണ്ടായിരുന്ന ചാക്ക് പിടിച്ചുവാങ്ങി തലയ്ക്കടിക്കുകയുമായിരുന്നു.
ചാക്കിനകത്തുണ്ടായിരുന്ന ഇരുമ്പു പൈപ്പ് കുട്ടിയുടെ നെറ്റിയില്‍ പതിച്ച് ആഴത്തില്‍ മുറിഞ്ഞു. നെറ്റിപൊട്ടി രക്തമൊലിച്ചുനിന്ന കുട്ടിയെ ഉടനെ പരിസരവാസികള്‍ ചേര്‍ന്നു എടപ്പാളിലെ ഗവണ്‍മെന്റ് ആശുപത്രിയിലും പിന്നീട് പൊന്നാനി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുറിവ് ഗുരുതരമായ സാഹചര്യത്തിലാണ് കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.
പ്ലാസ്റ്റിക് ചാക്കില്‍ ഭാരമുള്ള എന്തോ വസ്തു ഇട്ട ശേഷമായിരുന്നു ഇയാള്‍ കുഞ്ഞിനെ ആക്രമിച്ചത്. സംഭവത്തില്‍ ആദ്യം തണുപ്പന്‍ രീതിയില്‍ തികരിച്ച പോലീസ് പ്രതിഷേധം ശക്തമായതോടെ സിപിഎം നേതാവിനെതിരേ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു.