ആലുവ ; അമ്മയുടെ ക്രൂര മര്‍ദ്ദനമേറ്റ മൂന്ന് വയസ്സുകാരന്‍ മരിച്ചു
ആലുവ : അമ്മയുടെ ക്രൂര മര്‍ദ്ദനമേറ്റ മൂന്ന് വയസ്സുകാരന്‍ മരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില ഇന്ന് പുലര്‍ച്ചയോടെ തീര്‍ത്തും വഷളാവുകയായിരുന്നു. കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചതിനെ തുടര്‍ന്ന് ശരീരം മരുന്നുകളോടും പ്രതികരിക്കാതെയായി. തുടര്‍ന്ന് 9.45 ഓടെ മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ മൃതശരീരം മോര്‍ച്ചറിയിലേക്ക് മാറ്റി. ഏതാനും ദിവസങ്ങളായി കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു.
തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് മരണകാരണം. സ്വന്തം കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കുട്ടി അനുസരണക്കേട് കാട്ടിയത് കൊണ്ടാണ് മര്‍ദ്ദിച്ചതെന്നാണ് ജാര്‍ഖണ്ഡ് സ്വദേശിയായ കുട്ടിയുടെ അമ്മ പൊലീസിന് നല്‍കിയ മൊഴി. കുട്ടിയുടെ അച്ഛന്റെ ക്രിമിനല്‍ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്. അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
ബുധനാഴ്ച വൈകുന്നേരമാണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിക്കുന്നത്. വീടിന്റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറഞ്ഞത്. കുട്ടിയുടെ പൃഷ്ടഭാഗത്തും ശരീരമാസകലവും മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ച പാടുകളും ഉണ്ടായിരുന്നു.
പരിക്കുകള്‍ മര്‍ദ്ദനത്തെ തുടര്‍ന്ന് സംഭവിച്ചതെന്ന സംശയത്തില്‍ ആശുപത്രി അധികൃതര്‍ പൊലീസിനെയും ചൈല്‍ഡ് ലൈനെയും വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ പരിക്കുകള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ കുട്ടിയെ മര്‍ദ്ദിച്ചെന്ന് അമ്മ സമ്മതിക്കുകയായിരുന്നു. സമാനമായ രീതിയില്‍ ഒരു ഏഴു വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ അലയൊലികള്‍ അടങ്ങും മുന്‍പാണ് വീണ്ടും ഒരു കുട്ടികൂടി കൊല്ലപ്പെടുന്നത്.