ജപ്പാനില്‍ നാല് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ജോലി ; വെറുതെ അല്ല ശമ്പളവും ആനുകൂല്യങ്ങളും

രസകരമായ ഒരു ജോലി വാഗ്ദാനത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ജപ്പാന്‍. നാല് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ജോലി വാഗ്ദാനം ചെയ്തു കൊണ്ടാണ് ജപ്പാന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ജോലി ചെയ്യുന്ന കുഞ്ഞുങ്ങള്‍ക്ക് ശമ്പളവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സതേണ്‍ ജപ്പാനിലെ ഒരു നേഴ്സിങ് ഹോമിലേക്കാണ് നാലു വയസ്സു വരെയുള്ള കുട്ടികളെ ജോലിക്കാരായി എടുക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നഴ്‌സിംഗ് ഹോമിലെ പ്രായമായ അന്തേവാസികള്‍ക്കൊപ്പം കളിച്ചും ചിരിച്ചും സമയം ചിലവഴിക്കുക എന്നതാണ് ഇവര്‍ക്കുള്ള ജോലി. ജോലിക്ക് നല്ല ശമ്പളവുമുണ്ട്. നാപ്കിനും പാല്‍പ്പൊടിയും ആണ് ഈ കുഞ്ഞുങ്ങള്‍ക്കുള്ള ശമ്പളം.

ജോലി എന്ന് പറയുന്നുണ്ടെങ്കിലും കുഞ്ഞുങ്ങളെ യാതൊരു കാര്യങ്ങള്‍ക്കും നിര്‍ബന്ധിക്കാന്‍ നഴ്‌സിംഗ് ഹോം തയ്യാറല്ല. കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാം. അവരുടെ ഇഷ്ടാനുസരണം ഉറക്കം വരുമ്പോള്‍ ഉറങ്ങുകയും വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുകയും എല്ലാം ചെയ്യാം. ബാക്കിയുള്ള സമയത്ത് അവരുടെ മൂഡിനനുസരിച്ച് മാത്രം അന്തേവാസികളുമായി സമയം ചിലവഴിച്ചാല്‍ മതി. രക്ഷിതാക്കളോടൊപ്പം ആണ് കുട്ടികള്‍ നഴ്‌സിംഗ് ഹോമില്‍ എത്തേണ്ടത്. കുട്ടികളോടൊപ്പം എപ്പോഴും അമ്മമാര്‍ക്ക് നില്‍ക്കാം. അതേസമയം കുഞ്ഞുങ്ങളുടെ കളിയും ചിരിയും നഴ്‌സിംഗ് ഹോം അന്തേവാസികളിലും വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഏകാന്തതയും ഒറ്റപ്പെടലും അനുഭവിച്ച് ജീവിച്ചിരുന്ന അന്തേവാസികളില്‍ കുട്ടികളുടെ സാന്നിധ്യം സന്തോഷം നിറയ്ക്കുന്നതായാണ് നിരീക്ഷണം.