തൗഹീദ് ജമാഅത്ത്, എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ് തുടരുന്നു
ശ്രീലങ്കന്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ എന്‍ഐഎ സംഘത്തിന്റെ റെയ്ഡ് തുടരുന്നു . തൗഹീദ് ജമാഅത്ത്, എസ്ഡിപിഐ ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത് . കഴിഞ്ഞ ദിവസവും രാമനാഥപുരത്ത് റെയ്ഡ് നടത്തിയിരുന്നു.
ഡെല്‍ഹിയില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള എന്‍ഐഎ സംഘമാണ് റെയ്ഡ് നടത്തുന്നത്. രാമനാഥപുരം, കാരയ്ക്കല്‍, കുംഭകോണം, നാഗപട്ടണം, വെല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ്. ഇവിടങ്ങളിലുള്ള തൗഹീദ് ജമാഅത്ത്, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ഓഫീസുകളും നേതാക്കളുടെ വീടുകളും എന്‍ഐഎ റെയ്ഡ് ചെയ്തു.
ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ചാവേറുകള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമെത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് എന്‍ഐഎ നടപടി കടുപ്പിച്ചത്. പാലക്കാട് സ്വദേശി റിയാസ് അബൂബക്കറില്‍ നിന്നും നിര്‍ണായകമായ ചില വിവരങ്ങള്‍ ലഭിച്ചിരുന്നു. കേരളം, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന.
അതേസമയം സ്‌ഫോടന പരമ്പര നടക്കുന്നതിന് മുന്‍പ് രാമനാഥപുരത്ത് നിന്നടക്കം സംശയകരമായ ചില ഫോണ്‍കോളുകള്‍ ശ്രീലങ്കയിലേക്ക് പോയിരുന്നു. ഇവ പരിശോധിച്ച് വരികയാണ്. ഒപ്പം തൗഹീത് ജമാ അത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വിവിധ സംഘടകളെയും എന്‍ഐഎ നിരീക്ഷിച്ചുവരികയാണ്.







