കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് റിയാസ് അബൂബക്കര്‍ പദ്ധതിയിട്ടെന്ന് എന്‍ഐഎ

പാലക്കാട് സ്വദേശി അബൂബക്കര്‍ സിദ്ധീഖ് കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താനൊരുങ്ങിയിരുന്നതായി എന്‍ഐഎ. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ചാവേറായി മാറാന്‍ റിയാസ് അബൂബക്കര്‍ തീരുമാനിച്ചിരുന്നു. കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ റിയാസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നുവെന്നും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതേക്കുറിച്ച്കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി റിയാസിനെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി ഉടനെ തീരുമാനമെടുക്കും.

ഇപ്പോള്‍ സിറിയയിലുണ്ടെന്ന് കരുതുന്ന ഐഎസ് കമാന്‍ഡറും ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതിയുമായ അബ്ദുള്‍ റാഷിദിന്റെ നിര്‍ദേശ പ്രകാരമാണ് കേരളത്തില്‍ പലയിടത്തായി ചാവേര്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ റിയാസ് തീരുമാനിച്ചത്. ചാവേര്‍ സ്‌ഫോടനങ്ങള്‍ നടത്തുക എന്നതായിരുന്നു റിയാസിന്റെ ലക്ഷ്യം.

ആക്രമണത്തിനായി സമാനചിന്താഗതിയുള്ള ഒരു സംഘത്തെ റിയാസ് ഒപ്പംകൂട്ടുകയും ഇവര്‍ക്കൊപ്പം ആക്രമണപദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്തു. എന്നാല്‍ ആക്രമണപദ്ധതിയോട് ഒപ്പമുള്ളവര്‍ സഹകരിക്കാതെ വന്നത് റിയാസിന് തിരിച്ചടിയായി. സ്വയം ചാവേറായി സ്‌ഫോടനം നടത്താന്‍ ഇയാള്‍ തയ്യാറായിരുന്നുവെങ്കിലും മറ്റുള്ളവര്‍ അതിന് തയ്യാറായില്ല.

റിയാസിനൊപ്പം ആക്രമണത്തിന്റെ ആസൂത്രണ യോഗങ്ങളില്‍ പങ്കെടുത്ത ഫൈസല്‍, അബ്ദുള്‍ അറാഫത്ത്, അബ്ദുള്‍ റാഷിദ് എന്നീ മൂന്ന് പേരേ എന്‍ഐഎ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദക്കേസില്‍ എന്‍ഐഎ പ്രതി ചേര്‍ത്തിട്ടുണ്ട്. കൊളംബോ സ്‌ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനൊടുവിലാണ് എന്‍ഐഎ ഇവരെ കസ്റ്റഡിയിലെടുത്തത്.