അമിക്കസ് ക്യൂറിയെ പരിഹസിച്ചു ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍

അമിക്കസ് ക്യൂറിയെ പരിഹസിച്ചു ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍. ഡാമുകള്‍ തുറന്നതാണ് കേരളത്തില്‍ പ്രളയത്തിന് കാരണമായതെന്ന അമിക്കസ് ക്യൂറിയുടെ നിരീക്ഷണം വിചിത്രവും വിഡ്ഢിത്തവുമെന്ന് ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ഡാമുകള്‍ തുറന്നു വിട്ടാണ് ജനങ്ങളെ കൊന്നത് എന്ന് പറയുന്നത് വെറും വിഡ്ഢിത്തം മാത്രമാണെന്നും ഡാമുകളില്‍ വെള്ളം തടഞ്ഞു നിര്‍ത്തിയതിനാലാണ് ഇതിലും വലിയ ദുരന്തം ഒഴിവായതെന്നും അദ്ദേഹം പറഞ്ഞു. ചെറുതോണി അണക്കെട്ടിലെ പരിശോധനക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡാമിന്റെ നില തൃപ്തികരമാണെന്നും ഡാം സുരക്ഷിതമാണെന്നും ഡാം സുരക്ഷാ അതോറിറ്റി സംഘം വിലയിരുത്തി.ഇടുക്കി അണക്കെട്ടിന്റെ ഗാലറി, ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ എന്നിവ സംഘം പരിശോധിച്ചു. വിശദമായ പരിശോധനക്ക് ശേഷം ഇടുക്കി അണക്കെട്ടിന്റെ സ്ഥിതി സുരക്ഷിതമാണെന്ന് സംഘം വിലയിരുത്തി. മലങ്കര, കുളമാവ് ഡാമുകളിലും ഡാം സുരക്ഷാ അതോറിറ്റി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

അമിക്കസ് ക്യൂറിയുടേത് ശാസ്ത്രീയമായ പഠനം അല്ല. ഇക്കാര്യത്തില്‍ ജല കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഡാം സേഫ്റ്റി ചെയര്‍മാന്‍ പറയുന്നു.

ഡാമുകള്‍ വെള്ളം പിടിച്ചു നിര്‍ത്തിയില്ലായിരുന്നെങ്കില്‍ ഇതിലും വലിയ അപകടങ്ങള്‍ ഉണ്ടായേനെ ,ഡാമുകള്‍ തുറന്നു വിട്ടു ആളെ കൊന്നു എന്ന് പറയുന്നത് വെറും വിഡ്ഢിത്തം മാത്രമെന്നും ഡാം സേഫ്റ്റി ചെയര്‍മാന്‍ വിശദീകരിച്ചു.