മുഖ്യമന്ത്രിയുടെ വാദം തെറ്റ് ; ഷംസീറിനെതിരെ മൊഴി നല്‍കിയിരുന്നു : സിഒടി നസീര്‍
ആക്രമണത്തിനിരയായ സി.ഒ.ടി നസീറിന്റെ മൊഴിയില്‍ എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ പേരില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം തെറ്റെന്ന് സി.ഒ.ടി നസീര്‍. താന്‍ ഷംസീറിനെതിരെ മൊഴി നല്‍കിയിരുന്നുവെന്ന് നസീര്‍ പറയുന്നു. മൂന്ന് തവണ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തിയില്ല.
ഗൂഢാലോചന നടത്തിയവരെപ്പറ്റിയുള്ള കൃത്യമായ വിവരം പൊലീസിന് നല്‍കിയിട്ടുണ്ട്. ഗൂഢാലോചന പുറത്തുകൊണ്ടു വരാനും യഥാര്‍ത്ഥ പ്രതികളെ പിടികൂടാനും പൊലീസിന് സാധിക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും നസീര്‍ വ്യക്തമാക്കി.
ആദ്യം മൊഴി രേഖപ്പെടുത്താന്‍ വന്നപ്പോള്‍ പൊലീസ് വെള്ളപേപ്പറില്‍ ഒപ്പിട്ട് വാങ്ങാന്‍ ശ്രമം നടത്തിയിരുന്നു. മൊഴി പകര്‍പ്പിന് അപേക്ഷ നല്‍കിയിട്ടും ഇതുവരെ അത് തന്നിട്ടില്ലെന്നും സിഒടി നസീര്‍ വ്യക്തമാക്കി. സിഒടി നസീര്‍ വധശ്രമക്കേസില്‍ തലശ്ശേരി എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷം ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു.
എന്നാല്‍ അക്രമികള്‍ ആരായാലും ശക്തമായ നടപടിയെടുക്കുമെന്നും പ്രതികളാരും രക്ഷപ്പെടില്ലെന്നുമാണ് മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചത്. ഇതോടെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും പ്രതിപക്ഷം ഇതേ തുടര്‍ന്ന് സഭ ബഹിഷ്‌ക്കരിക്കുകയും ചെയ്തു.