കൊടും ഭീകരന് ഹാഫിസ് സയീദ് പാക്കിസ്ഥാനില്‍ അറസ്റ്റില്‍
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദ് പാക്കിസ്ഥാനില്‍ അറസ്റ്റിലായി. ഇന്ന് രാവിലെയായിരുന്നു അറസ്റ്റെന്നും, അറസ്റ്റിലായ ഇയാളെ പിന്നീട് ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലാഹോറില്‍ നിന്ന് ഗുജ്റാന്‍വാലയിലേക്കുള്ള യാത്രാമധ്യേയാണ് ഹാഫിസ് സയീദ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്. ധനസഹായം നല്കുന്നു, പണം തട്ടുന്നു എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയതിനു പിന്നാലെയായിരുന്നു പൊലീസ് അറസ്റ്റിനൊരുങ്ങിയത്. ഹാഫിസ് സയീദ് ഉള്‍പ്പെടെയുള്ള 13 നേതാക്കള്‍ക്കെതിരെ 23 കേസുകളാണ് പാക്കിസ്ഥാനിലെ പഞ്ചാബ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ ഡിപ്പാര്‍ട്ട്മെന്റ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഭീകരതയ്ക്കുള്ള ഫണ്ടിംഗ് നിരീക്ഷിക്കുന്ന ആഗോള സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്, പാക് ഭരണകൂടത്തിന് നല്കിയ അന്ത്യശാസനമാണ് ഹാഫിസ് സയീദിന്റെ അറസ്റ്റിന് വഴിയൊരുക്കിയാതെന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം ഒക്ടോബറിനകം ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് മുന്നറിയിപ്പു നല്‍കിയിരുന്നു.
എഫ്.എ.ടി.എഫിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ഒസാക്കയില്‍ നടന്ന ജി 20 ഉച്ചകോടിയും ആഹ്വാനം ചെയ്തിരുന്നു. ഇതോടെയാണ് നടപടിക്ക് പാക്കിസ്ഥാന് നിര്‍ബന്ധിതരായത്.
ഹാഫിസ് സയീദിനേയും അദ്ദേഹത്തിന്റെ അടുത്ത 12 അനുയായികളേയും ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പാക്കിസ്ഥാന് പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.