ഡ്രോണ്‍ വഴി ലഹരി കടത്ത് ; വെടിവെച്ചിട്ട് ബിഎസ്എഫ്, അതിര്‍ത്തിയില്‍ പിടിക്കുന്നത് കിലോ കണക്കിന് ഹെറോയിന്‍

മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും ഡ്രോണ്‍ പിടിച്ചെടുത്തു. പഞ്ചാബിലെ തരന്‍ താരണില്‍ പൊലീസും ബി എസ് എഫും ചേര്‍ന്നാണ് ഡ്രോണ്‍ പിടിച്ചെടുത്തത്. മൂന്ന് കിലോ ഹെറോയിനാണ് ഡ്രോണ്‍ ഉപയോഗിച്ച് കടത്താന്‍ ശ്രമിച്ചത്. തരന്‍ തരണ്‍ ജില്ലയിലെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലാണ് മൂന്ന് കിലോ ഹെറോയിനുമായി ഡ്രോണ്‍ കണ്ടെത്തിയത്. ഇക്കാര്യം സംസ്ഥാന പൊലീസ് സ്ഥിരീകരിച്ചു. പഞ്ചാബ് പൊലീസിന്റെയും അതിര്‍ത്തി രക്ഷാസേന(ബിഎസ്എഫ്)യുടെയും സംയുക്ത ഓപ്പറേഷനിലാണ് ഹെറോയിന്‍ വേട്ടയെന്ന് ഡിജിപി ഗൗരവ് യാദവ് ട്വീറ്റ് ചെയ്തു. അതിര്‍ത്തി കടന്നുള്ള കള്ളക്കടത്ത് മാഫിയക്കെതിരായ പ്രത്യേക ഡ്രൈവിന്റെ ഭാഗമയി തരന്‍ തരണ്‍ പൊലീസും ബിഎസ്എഫും സംയുക്ത ഓപ്പറേഷനില്‍ ടാര്‍ണ്‍ തരണിലെ പിഎസ് വാല്‍തോഹയില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് കിലോ ഹെറോയിന്‍ അടങ്ങിയ ക്വാഡ്കോപ്റ്റര്‍ ഡ്രോണ്‍ കണ്ടെടുത്തു എന്നാണ് ഡിജിപി അറിയിച്ചത്.

കഴിഞ്ഞ ദിവസം ബിഎസ്എഫ് പഞ്ചാബ് അതിര്‍ത്തിയില്‍ മയക്കുമരുന്നുമായി പറന്ന ഡ്രോണുകള്‍ വെടിവെച്ച് വീഴ്ത്തിയിരുന്നു. ബിഎസ്എഫ് വനിതാ കോണ്‍സ്റ്റബിള്‍മാരായിരുന്നു ഡ്രോണ്‍ വഴിയുള്ള കള്ളക്കടത്ത് തടഞ്ഞത്. തിങ്കളാഴ്ച രാത്രിയാണ് ഇവര്‍ ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തിയത്. ഒറ്റ രാത്രിയില്‍ രണ്ട് പാകിസ്ഥാന്‍ ഡ്രോണുകളാണ് ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തിയത്. ഏഴടി നീളവും 19 കിലോഗ്രാം ഭാരവുമുള്ള ഡ്രോണില്‍ നിന്ന് 6.5 കിലോഗ്രാം ഹെറോയിനാണ് കണ്ടെത്തിയത്. ബിഎസ്എഫിന്റെ 73-ാം ബറ്റാലിയന്റെ കീഴിലുള്ള ബോര്‍ഡര്‍ ഔട്ട് പോസ്റ്റില്‍ ദരിയ മന്‍സൂറില്‍ വിന്യസിച്ചിരിക്കുന്ന വനിതാ കോണ്‍സ്റ്റബിള്‍മാരായ പ്രീതിയും ഭാഗ്യശ്രീയുമാണ് ഡ്രോണ്‍ വെടിവെച്ച് അഭിമാനമായതെന്ന് പഞ്ചാബ് ഫ്രോണ്ടിയര്‍ ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആസിഫ് ജലാല്‍ പറഞ്ഞു. ഇവരെ ബിഎസ്എഫ് ഡിഐജി ആദരിച്ചു. ഇവര്‍ക്ക് പാരിതോഷികമായി പണം നല്‍കിയതായും അധികൃതര്‍ പറഞ്ഞു. പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ മൂന്ന് കിലോ ഹെറോയിന്‍ ബിഎസ്എഫ് കണ്ടെടുത്തു. പാകിസ്ഥാന്‍ റേഞ്ചേഴ്സിന്റെ തൈമൂര്‍ ഷഹീദ് പോസ്റ്റിന്റെ പ്രദേശത്ത് നിന്നാണ് പാകിസ്ഥാന്‍ ഡ്രോണ്‍ പറന്നുയര്‍ന്നത്.