വീണ്ടും ഒരു മഴക്കാലം ; നവകേരള നിര്‍മ്മാണത്തിനായി ഹൈക്കോടതി നിയോഗിച്ച ലോക് അദാലത്തുകളെ പോലും അട്ടിമറിച്ചു സര്‍ക്കാര്‍

കേരളത്തിനെ മുക്കിയ പ്രളയ കാലത്തിന്റെ വാര്‍ഷികം അടുക്കാറായിട്ടും മുഖ്യമന്ത്രി പ്രഖ്യാപിച്ച നവകേരള നിര്‍മ്മാണം ഒന്നും ആയിട്ടില്ല. അതിനിടയിലും പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തിനായി ഹൈക്കോടതി നിയോഗിച്ച ലോക് അദാലത്തുകളെ അട്ടിമറിക്കാന്‍ ആണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

പ്രളയനാന്തര പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരാതികള്‍ കളക്ട്രേറ്റുകളില്‍ കെട്ടികിടക്കുന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. സര്‍ക്കാറിന്റെ നിലപാടില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തുകയും ഒപ്പം പരാതികള്‍ തീര്‍പ്പാകുന്നതിനായി മൂന്നു ജില്ലകളില്‍ പെര്‍മെനന്റ് ലോക് -അദാലത്തുകളെ നിയോഗിക്കുകയും ചെയ്തു.

എന്നാല്‍ ഈ തീരുമാനത്തോട് സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. നാളിതുവരെ ലോക് -അദാലത്തില്‍ പ്രളയ പുനര്‍നിര്‍ണവുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖകള്‍ സൂചിപ്പിക്കുന്നത്.

രണ്ടാം ഘട്ടത്തില്‍ പ്രളയ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ലഭിച്ച ഒരു ലക്ഷത്തിഅറുപതിനായിരത്തോളം പരാതികളില്‍ കേവലം 154 എണ്ണം മാത്രമാണ് പരിഹരിച്ചതെന്ന് സര്‍ക്കാര്‍ രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. നിലവിലുള്ള പരാതികള്‍ പരിഹരിക്കാതെ വീണ്ടും അപേക്ഷകള്‍ സ്വീകരിക്കുമെന്ന സര്‍ക്കാര്‍ വാദവും ഇതോടെ പൊളിയുകയാണ്.