അപകടം ; ഉന്നാവ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ നില കൂടുതല്‍ വഷളായി
കാറപകടത്തില്‍ പെട്ട ഉന്നാവ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ നില കൂടുതല്‍ വഷളായി. ലക്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പെണ്‍കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ല. കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നാല്‍പത് മണിക്കൂറായി മരണത്തോട് മല്ലിടുകയാണ് പെണ്‍കുട്ടി. ശ്വാസകോശത്തില്‍ ഉണ്ടായ രക്തസ്രാവം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. അടുത്ത 48 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം പീഡനപരാതി നല്‍കിയ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചുണ്ടായ അപകടത്തെക്കുറിച്ച് സിബിഐ അന്വേഷിക്കും. അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയതായി കേന്ദ്രം ഉത്തരവിറക്കി. അപകടത്തില്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമായതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുപി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു.
സിബിഐക്ക് പുറമേ, ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക സംഘവും അപകടത്തെക്കുറിച്ച് അന്വേഷിക്കും. റായ്ബറേലി എഎസ്പിക്കാണ് അന്വേഷണ ചുമതല. സംഘത്തില്‍ മൂന്ന് സി ഐമാര്‍ കൂടി ഉണ്ടാകും. അതേസമയം, ലഖ്‌നൗ കിംഗ് ജോര്‍ജ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചികിത്സാ ചെലവ് പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച റായ്ബറേലിയില്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിക്കും അഭിഭാഷകന്റേയും നില ഗുരുതരമായി തുടരുകയാണ്. പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിക്കുകയും ചെയ്തിരുന്നു. ഇവരിലൊരാള്‍ ഉന്നാവോ കേസിലെ സാക്ഷിയാണ്.
ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാര്‍ തന്നെയാണെന്ന് അപകടത്തിന് പിന്നിലെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. ഒറ്റനോട്ടത്തില്‍ അപകടമാണെന്നാണ് പൊലീസ് പറഞ്ഞെങ്കിലും, കാറിലിടിച്ച ട്രക്കിലെ നമ്പര്‍ പ്ലേറ്റ് കറുത്ത മഷി ഉപയോഗിച്ച് മായ്ച്ചതുള്‍പ്പടെയുള്ള കാര്യങ്ങള്‍ കേസില്‍ സംശയങ്ങള്‍ക്കിടയാക്കുന്നു.
പെണ്‍കുട്ടിയോടൊപ്പം 24 മണിക്കൂറും സഞ്ചരിക്കേണ്ടിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ അപകടസമയത്ത് കാറിലുണ്ടായിരുന്നില്ല എന്നതും സംശയങ്ങള്‍ ജനിപ്പിക്കുന്നതാണ്. കാറില്‍ സ്ഥലമില്ലാത്തതിനാല്‍ സുരക്ഷ ഉദ്യോഗസ്ഥരെ പെണ്‍കുട്ടി തന്നെ നിരസിച്ചതാണെന്നാണ് പൊലീസ് ഭാഷ്യം.
അതിനിടെ തനിക്കും ,കുടുംബത്തിനും ഭീഷണി ഉണ്ടെന്ന് കാണിച്ച് ,പെണ്‍കുട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ്ക്ക് അയച്ച കത്ത് പുറത്തുവന്നിട്ടുണ്ട്. ആരോപണം നേരിടുന്ന എംഎല്‍ എ കുല്‍ദീപ് സെന്‍ഗാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നതായി ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ പ്രതികരിച്ചു. അതേസമയം പെണ്‍കുട്ടിക്കുണ്ടായ വാഹനാപകടം പൊലീസിന്റെ അറിവോടെയാണെന്ന ആക്ഷേപം ഉയര്‍ത്തി നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കി.








