കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ; പോക്‌സോ ഭേദഗതി ബില്‍ ലോക്‌സഭയിലും പാസ്സായി
കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയ പോക്‌സോ നിയമഭേദഗതി ബില്‍ ലോക്‌സഭയിലും പാസ്സായി. കുട്ടികള്‍ക്കുനേരെ ക്രൂരമായ ലൈംഗികാതിക്രമം നടത്തുന്നവര്‍ക്ക് വധശിക്ഷ വരെ ലഭിക്കുന്നാതാണ് ബില്ലിലെ വ്യവസ്ഥ. രാജ്യസഭ നേരത്തെ പാസ്സാക്കിയ ബില്‍ രാഷ്ട്രപതി അംഗീകരിച്ചാല്‍ നിയമമാകും.
കഴിഞ്ഞ ജനുവരി 8ന് ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലാണ് ഭേദഗതികളില്ലാതെ പാസാക്കിയത്. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വര്‍ഷം തടവ് മുതല്‍ വധശിക്ഷ വരെ ലഭിക്കുന്ന വ്യവസ്ഥകള്‍ ഭേദഗതി ബില്ലിലുണ്ട്. കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് കുട്ടികളെ പീഡിപ്പിക്കുന്നതും ലൈംഗിക വളര്‍ച്ചയ്ക്കായി ഹോര്‍മോണും മറ്റും കുത്തിവയ്ക്കുന്നതും ക്രൂര പീഡനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍, ദൃശ്യങ്ങള്‍ എന്നിവയുടെ ചിത്രീകരണം, പ്രചരിപ്പിക്കല്‍ തുടങ്ങിയവക്ക് കൂടുതല്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്. പീഡനത്തിന് ഇരയാകുന്നത് ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് ശിക്ഷാ വ്യവസ്ഥകള്‍.