ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി, ചികിത്സ ലഖ്‌നൗവില്‍ തുടരട്ടെയെന്ന് സുപ്രീംകോടതി
ഉന്നാവ് പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ലഖ്‌നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രി. പെണ്‍കുട്ടി ഇപ്പോള്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. കൈ കാലുകള്‍ ചലിപ്പിച്ചു തുടങ്ങിയെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഇന്നലെ മുതല്‍ പെണ്‍കുട്ടിക്ക് കടുത്ത പനിയുണ്ടെന്നത് ഡോക്ടര്‍മാര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. അതിനായി മരുന്നുകള്‍ നല്‍കുന്നുണ്ട്. ഗുരുതരമായ സ്ഥിതിയില്‍ പനി വരുന്നത് സ്ഥിതി വഷളാക്കുമോ എന്ന ആശങ്കയുണ്ട് ഡോക്ടര്‍മാര്‍ക്ക്.
പക്ഷേ, മുന്‍ദിവസങ്ങളുടേതുമായി താരതമ്യം ചെയ്യുമ്പോള്‍, പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ താരതമ്യേന പുരോഗതിയുണ്ടെന്നത് ആശാവഹമാണ്. ഈ പശ്ചാത്തലത്തിലാണ് ദില്ലിയിലേക്ക് തല്‍ക്കാലം പെണ്‍കുട്ടിയെ മാറ്റേണ്ടതില്ലെന്ന നിലപാടില്‍ ആശുപത്രി അധികൃതര്‍ എത്തിയത്. ഇക്കാര്യം തന്നെയാണ് കുടുംബാംഗങ്ങളെയും അറിയിച്ചത്. മികച്ച ചികിത്സയാണ് പെണ്‍കുട്ടിക്ക് കിട്ടുന്നതെന്നും തല്‍ക്കാലം ദില്ലിയിലേക്ക് മാറ്റേണ്ടതില്ലെന്നും കുടുംബാംഗങ്ങള്‍ കോടതിയെയും അറിയിച്ചു. ഇതനുസരിച്ചാണ് പെണ്‍കുട്ടിയെ ഉടന്‍ ദില്ലിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യണമെന്ന ഉത്തരവ് തല്‍ക്കാലം സുപ്രീംകോടതി മരവിപ്പിച്ചത്.
ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് ഉടനടി എയര്‍ലിഫ്റ്റ് ചെയ്യണമെന്നായിരുന്നു സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടത്. ഇതിനും മറ്റ് ചികിത്സകള്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കണം. അടിയന്തരമായി പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ കൈമാറണമെന്നും കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.