പുതുക്കിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി ; പുനപരിശോധനയ്ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു
അയല്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ നടപ്പാക്കാത്ത നിയമം ഇവിടെ തിടുക്കത്തില്‍ നടപ്പാക്കിയത് ശക്തമായ വിമര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തില്‍ പുനപരിശോധനയ്ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു.
ഇതിനായി മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കാത്ത സംസ്ഥാനങ്ങളുടെ മാതൃക കേരളം പരിശോധിക്കും. മോട്ടോര്‍ വാഹന നിയമ ഭേദഗതി ആറ് സംസ്ഥാനങ്ങള്‍ നടപ്പാക്കിയിട്ടില്ല. അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകള്‍ ഈ നിയമം നടപ്പാക്കാതെ വച്ചിരിക്കുന്നത്. സുപ്രീംകോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.
ഗതാഗതം നിയമം ലംഘിക്കുന്നതിനുള്ള പിഴ തുക അമ്പത് ശതമാനമായി കുറച്ച ഗുജറാത്ത് സര്‍ക്കാരിന്റെ മാതൃക പരിശോധിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. വലിയ പിഴ ഈടാക്കുന്നത് ഇപ്പോള്‍ താല്ക്കാലികമായ നിര്‍ത്തിവച്ചിരിക്കുയാണ്. ഓണക്കാലത്ത് മോട്ടോര്‍ വാഹനനിയമം ലംഘിക്കുന്നവര്‍ക്ക് പിഴയ്ക്ക് പകരം ബോധവല്‍ക്കരണം നല്‍കും.
മോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങള്‍ക്കും ഇടപെടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പിഴത്തുക പരിശോധകര്‍ക്ക് നേരിട്ട് നല്‍കുകയോ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസില്‍ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സര്‍ക്കാരിന് ഇടപെടാന്‍ അനുവാദമുളളത്. ഈ പഴുതാണ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്.
ഗുജറാത്തിലെ സാഹചര്യം അടക്കം വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത സെക്രട്ടറിക്ക് ഗതാഗത മന്ത്രി നിര്‍ദ്ദേശം നല്‍കി. 16 ന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. റിപ്പോര്‍ട്ട് കിട്ടിയ ശേഷം കേന്ദ്രത്തിന് കത്തയക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. ഓര്‍ഡിനന്‍സില്‍ നിയമ വകുപ്പ് സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം.
കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി നിജപ്പെടുത്തുന്നതാണ് കേരളം ആലോചിക്കുന്നത്. അതായത് അമിത വേഗത്തില്‍ വാഹനമോടിച്ചാല്‍ പിഴ 1000 മുതല്‍ 2000 വരെയാണ്. പിടിക്കപ്പെടുന്നവര്‍ നേരിട്ട് പണമടയ്ക്കുകയാണെങ്കില്‍ 1100 രൂപ ഈടാക്കുന്ന രീതിലാകും മാറ്റം. എന്നാല്‍ കോടതിയില്‍ അടയ്ക്കുന്ന പിഴയ്ക്ക് ഇത് ബാധകമായിരിക്കില്ല. മദ്യപിച്ച് വാഹനമോടിക്കുന്നതിനുളള പിഴ കുറയ്ക്കില്ല. 10000 രൂപയാണ് മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴയായി ഈടാക്കുന്നത്.