നിര്‍ഭയ കേസ് ; അഭിമുഖം നല്‍കാന്‍ സുഹൃത്ത് ചാനലുകളില്‍ നിന്നും പണം വാങ്ങിയെന്നു വെളിപ്പെടുത്തല്‍
ഏറെ കോളിളക്കം സൃഷ്ട്ടിച്ച ഒന്നാണ് ഡല്‍ഹിയിലെ നിര്‍ഭയാ പീഡനം. ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ചാണ് അതി ക്രൂരമായി നിര്‍ഭയ എന്ന പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടത്. തന്റെ സുഹൃത്തിനൊപ്പം സിനിമ കണ്ടു മടങ്ങി വരുന്ന സമയമാണ് നിര്‍ഭയ എന്ന് ലോകം വിളിച്ച പെണ്‍കുട്ടി പീഢിക്കപ്പെട്ടത്.
ദിവസങ്ങള്‍ നീണ്ട വേദനകള്‍ക്ക് ശേഷം ആശുപത്രിയില്‍ വെച്ച് അവള്‍ മരണപ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചു എന്നാണ് ആദ്യം വാര്‍ത്തകള്‍ പുറത്തു വന്നത്. എന്നാല്‍ നിര്‍ഭയയെ പീഡിപ്പിക്കുന്നത് കണ്ട സുഹൃത്ത് ഭയന്ന് ബസിന്റെ സീറ്റിന്റെ അടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് പ്രതികള്‍ നല്‍കിയ മൊഴി.
ആദ്യം മുതല്‍ക്ക് സുഹൃത്ത് സംഭവത്തില്‍ ഏറെ പഴി കേട്ടിരുന്നു. ഇടയ്ക്ക് വെച്ച് കോടതിയില്‍ സാക്ഷി പറയാന്‍ പോലും തയ്യാറാകാതെ മുങ്ങി നിന്ന അവസ്ഥ വരെ കേസില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ നിര്‍ഭയയുടെ സുഹൃത്ത് അഭിമുഖങ്ങള്‍ക്കായി ഹാജരാകാന്‍ വാര്‍ത്താ ചാനലുകളില്‍ നിന്ന് പണം വാങ്ങിയിരുന്നതായി ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകനും രണ്ട് ഹിന്ദി വാര്‍ത്താ ചാനലുകളുടെ മുന്‍ മാനേജിംഗ് എഡിറ്ററുമായ അജിത് അഞ്ജും വെളിപ്പെടുത്തുന്നു.
അജിത് അഞ്ജും ഹിന്ദിയില്‍ കുറിച്ച ട്വീറ്റുകളുടെ ഒരു പരമ്പരയില്‍, നിര്‍ഭയയുടെ സുഹൃത്തിനെതിരെ ഒരു സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തിയത് എങ്ങനെയെന്ന് മാധ്യമപ്രവര്‍ത്തകന്‍ എഴുതി, സ്റ്റിംഗ് ഓപ്പറേഷനില്‍ ഒരു ടിവി ചാനലുമായി സുഹൃത്ത് ആശയവിനിമയം നടത്തുന്നതും അഭിമുഖം നല്‍കാന്‍ പണം സ്വീകരിക്കുന്നതും കാണാം.
”സംഭവം നടന്നത് 2013 സെപ്റ്റംബറിലാണ്. നിര്‍ഭയ ബലാത്സംഗക്കേസിലെ പ്രതികളെ ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. നിര്‍ഭയ കൂട്ടബലാത്സംഗക്കേസിനെക്കുറിച്ച് എല്ലാ ചാനലുകളിലും നിരന്തരം വാര്‍ത്തകള്‍വന്നിരുന്നു. അതേസമയം, നിര്‍ഭയയുടെ സുഹൃത്ത് ചില ചാനലുകളില്‍ ക്രൂരമായ സംഭവത്തെ കുറിച്ച് അഭിമുഖം നല്‍കിയിരുന്നു,” അജിത് അഞ്ജും പറഞ്ഞു.
നിര്‍ഭയയുടെ സുഹൃത്തിനെ ചാനലിന്റെ സ്റ്റുഡിയോയിലേക്ക് അഭിമുഖത്തിനായി ക്ഷണിക്കാന്‍ മാധ്യമപ്രവര്‍ത്തകന്‍ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടപ്പോള്‍, ടിവി ചാനലില്‍ പ്രത്യക്ഷപ്പെടാന്‍ ഇയാള്‍ പണം ആവശ്യപ്പെടുന്നുണ്ടെന്ന് അറിയിക്കുകയായിരുന്നു.
”തന്റെ മുന്നില്‍ വച്ച് സുഹൃത്ത് കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തെ കുറിച്ച് ചാനലുകളുമായി സംവദിക്കാന്‍ ഇയാള്‍ ‘ഇടപാടുകള്‍’ നടത്തുന്നുണ്ടെന്നത് എന്നെ അമ്പരപ്പിച്ചു. ഞാന്‍ അവനെ ടിവിയില്‍ നിരന്തരം കാണുന്നുണ്ടായിരുന്നു. അവന്റെ കണ്ണില്‍ വേദന ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല,” മാധ്യമപ്രവര്‍ത്തകന്‍ എഴുതി.
”നിര്‍ഭയയുടെ ഈ സുഹൃത്തിനെ സ്റ്റിംഗ് ഓപ്പറേഷന്‍ ചെയ്ത് സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടാമെന്ന് ഞാന്‍ തീരുമാനിച്ചു. എന്റെ റിപ്പോര്‍ട്ടര്‍ എന്റെ മുന്നില്‍ ഇരുന്നു ഇയാളുടെ അമ്മാവനോട് മൊബൈലില്‍ സംസാരിച്ചു. ഇയാള്‍ സ്റ്റുഡിയോയില്‍ വരുന്നതിന് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. സ്റ്റുഡിയോ അഭിമുഖത്തിനായി പണം ആണ്‍കുട്ടിയുടെ മുന്‍പില്‍ വച്ച് നല്‍കി. എല്ലാം റെക്കോര്‍ഡുചെയ്തു.
തുടര്‍ന്ന് അദ്ദേഹത്തെ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയി. സംഭാഷണത്തിന് പത്തുമിനിറ്റിനുശേഷം, നടന്ന സംഭവം വിവരിക്കാന്‍ ചാനലുകളില്‍ നിന്ന് എന്തിനാണ് പണം വാങ്ങുന്നതെന്ന് ആണ്‍കുട്ടിയോട് ചോദിച്ചു. ഇന്റര്‍വ്യൂവിന് ഹാജരാകാന്‍ പണം വാങ്ങുന്ന കാര്യം ഇയാള്‍ നിഷേധിച്ചു.” മാധ്യമപ്രവര്‍ത്തകന്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
”തുടര്‍ന്ന് റെക്കോര്‍ഡിംഗിനിടെ, ആണ്‍കുട്ടിയെ തന്റെ സ്റ്റിംഗ് വീഡിയോയുടെ ഒരു ഭാഗം സ്‌ക്രീനില്‍ കാണിച്ചു. അപ്പോഴാണ് ക്യാമറകള്‍ക്ക് മുന്നില്‍ ഇയാള്‍ മാപ്പ് ചോദിച്ചത്,” മാധ്യമപ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തു.
പ്രതിയുടെ അഭിഭാഷകര്‍ ഇത് മുതലെടുക്കാന്‍ ശ്രമിക്കുമെന്ന് കരുതിയതിനാല്‍ അക്കാലത്ത് താന്‍ സ്റ്റിംഗ് ഓപ്പറേഷന്റെ വീഡിയോ പുറത്തുവിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.








