ഉന്നാവോ പീഡനം ; പൊള്ളലേറ്റ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലെത്തിക്കും
പീഡനത്തെ തുടര്‍ന്ന് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിക്കും. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. ഉന്നാവില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട യുവതിക്ക് പ്രതികള്‍ അടക്കമുള്ളവരുടെ ആക്രമണത്തിലാണ് ശരീരത്തില്‍ 90 ശതമാനം പൊള്ളലേറ്റത്.
യുവതിയെ ഡല്‍ഹിയിലെത്തിക്കാന്‍ എയര്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തുമെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു. 90 ശതമാനത്തോളം പൊള്ളലേറ്റ യുവതി ചികിത്സയില്‍ കഴിയുന്ന സിവില്‍ ഹോസ്പിറ്റലില്‍നിന്ന് വിമാനത്താവളത്തിലേക്ക് ആംബുലന്‍സ് അതിവേഗം എത്തിക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും.
വ്യാഴാഴ്ച രാവിലെയാണ് മനുഷ്യമന:സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ഉന്നാവിലെ ഹിന്ദുനഗര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. റായ്ബറേലിയേക്ക് പോകുകയായിരുന്ന യുവതിയെ സംഘം ആക്രമിക്കുകയായിരുന്നു. ഗ്രാമത്തിന് പുറത്തുവെച്ച് പെണ്‍കുട്ടിയുടെമേല്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പെണ്‍കുട്ടിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്. ഇയാള്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തില്‍ ഇറങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം 80% പൊള്ളലേറ്റ പെണ്‍കുട്ടി ഒരു കിലോമീറ്റര്‍ നടന്നതിന്‌ശേഷമാണ് സഹായം ലഭിച്ചത് എന്നത് സംഭവം കൂടുതല്‍ ദാരുണമാക്കുന്നു.
നാളുകള്‍ക്ക് മുന്‍പ് രാജ്യത്തെ ഞെട്ടിച്ച ബലാത്സംഗവും പിന്നീട് ഇരയായ യുവതിയുടെയും കുടുംബത്തിനും നേരെ വധശ്രമവും നടന്ന ഉന്നാവില്‍ത്തന്നെയാണ് പുതിയ സംഭവം. ഉന്നാവില്‍ നേരത്തെ ബിജെപി എംഎല്‍എ ഉള്‍പ്പെട്ട മറ്റൊരു ബലാത്സംഗ കേസ് രാജ്യമൊട്ടുക്കും ചര്‍ച്ചയായിരുന്നു. ആ കേസിലുള്‍പ്പെട്ട പെണ്‍കുട്ടി റായ്ബറേലിയില്‍ നടന്ന അപകടത്തില്‍പ്പെടുകയും നിലവില്‍ ചികിത്സയില്‍ തുടരുകയുമാണ്.