ഇക്വഡോറില്‍ രാജ്യം വാങ്ങിയില്ല ; വീണ്ടും ‘നാട്’ കടന്ന് നിത്യാനന്ദ
പുതിയ രാജ്യം തുടങ്ങി എന്ന പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ വിവാദ ആള്‍ദൈവം നിത്യാനന്ദയെ ഇക്വഡോറും കയ്യൊഴിഞ്ഞു എന്ന് വാര്‍ത്തകള്‍. നിത്യാനന്ദയ്ക്ക് അഭയം നല്‍കുകയോ ഭൂമി വാങ്ങാന്‍ സാഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോര്‍ എംബസി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.
അഭയം നല്‍കണമെന്നുള്ള നിത്യാനന്ദയുടെ അഭ്യര്‍ത്ഥന തള്ളിയതായും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. നിത്യാനന്ദ പിന്നീട് ഹെയ്തിയിലേക്ക് പോയതായും എംബസിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന നിന്ത്യനന്ദയുടെ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കുറിപ്പെന്നും വിവാദങ്ങളിലേക്ക് ഇക്വഡോറിനെ വലിച്ചിടരുതെന്നും എംബസി ആവശ്യപ്പെടുന്നു.
ബലാത്സംഗം ഉള്‍പ്പടെയുള്ള കേസുകളില്‍ പ്രതിയായ ശേഷം ഇന്ത്യയില്‍ നിന്ന് കടന്ന നിത്യാനന്ദ കഴിഞ്ഞ ദിവസമാണ് തന്റെ ‘രാജ്യ’ത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. കരീബിയന്‍ ദ്വീപ് സമൂഹങ്ങളില്‍ സ്വന്തമായി ദ്വീപ് വാങ്ങിയെന്നും ദ്വീപിന് ‘കൈലാസ’ എന്ന പേര് നല്‍കിയതായും നിത്യാനന്ദ വെളിപ്പെടുത്തിയിരുന്നു. സ്വന്തം രാജ്യം പ്രഖ്യാപിച്ചത് കൂടാതെ രാജ്യത്തിന്റെ പതാകയും രണ്ട് തരം പാസ്‌പോര്‍ട്ടുകളും അദ്ദേഹം പുറത്തിറക്കിയിരുന്നു.
കടുംകാവി നിറത്തില്‍ നിത്യാനന്ദയും, ശിവനും, നന്ദി വിഗ്രഹവും അടങ്ങുന്നതാണ് പതാക.
ഹിന്ദു രാഷ്ട്രമാണിതെന്നും, ഹിന്ദു ധര്‍മം ആചരിച്ച് ഞങ്ങളുടെ ദൗത്യത്തിനൊപ്പം ചേരുന്ന ആര്‍ക്കും ഇവിടെ പൗരന്മാരാകാം എന്നും, അതിര്‍ത്തികള്‍ ഇല്ലാത്ത രാജ്യമാണ് ‘കൈലാസ’ എന്നും രാജ്യം സംബന്ധിച്ച് പുറത്തിറക്കിയ കുറിപ്പില്‍ നിത്യാനന്ദ പറഞ്ഞിരുന്നു.
പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വച്ച കേസ് നടന്നുകൊണ്ടിരിക്കെയാണ് നിത്യാനന്ദയുടെ വിവാദ പ്രഖ്യാപനം. കഴിഞ്ഞ മാസം 21നാണ് നിത്യാനന്ദ രാജ്യം വിട്ടതായി ഗുജറാത്ത് പോലീസ് അറിയിച്ചത്. നടി രഞ്ജിതയുമായുള്ള വീഡിയോ പുരത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തിരി തെളിയുന്നത്. പിന്നീടങ്ങോട്ട് വിവാദങ്ങളുടെ പേമാരിയായിരുന്നു.
ലൈ0ഗിക പീഡനമടക്കം നിരവധി ആരോപണങ്ങള്‍ നിത്യാനന്ദയെ തേടിയെത്തി. ഇതേ തുടര്‍ന്ന് 2012ലും അദ്ദേഹത്തെ തിരഞ്ഞ് പോലീസ് പരക്കം പാഞ്ഞെങ്കിലും അന്ന് മുങ്ങിയ സ്വാമി 5 ദിവസം കഴിഞ്ഞ് കോടതിയിലാണ് പൊങ്ങിയത്.
അതേസമയം നിത്യാനന്ദയുടെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. പുതിയ പാസ്പോര്‍ട്ടിനുള്ള നിത്യാനന്ദയുടെ അപേക്ഷ തള്ളിയിട്ടുമുണ്ട്. വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്തിലെ നിത്യാനന്ദയുടെ ആശ്രമത്തിന്റെ ചുമതല വഹിച്ചിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തതിനു ശേഷം നിത്യാനന്ദയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം ശക്തമാക്കുന്നതിനിടെ അയാള്‍ രാജ്യം വിടുകയായിരുന്നു.