ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരും : അമിത് ഷാ

രാജ്യത്ത് ക്രിമിനല്‍ കുറ്റങ്ങളിലടക്കം പ്രതികളാകുന്നവരുടെ ശിക്ഷാ നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമവും (ഐ.പി.സി) ക്രിമിനല്‍ നടപടി ചട്ടവും (സി.ആര്‍.പി.സി) ഭേഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

2012 ല്‍ നടന്ന നിര്‍ഭയ കൂട്ടബലാത്സംഗവും കൊലപാതകവും സംബന്ധിച്ച കേസില്‍ പ്രതികളുടെ ശിക്ഷ ഇനിയും നടപ്പാക്കാത്തത് അടക്കമുള്ളവ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. പുണെയില്‍ നടക്കുന്ന ഡിജിപിമാരുടെയും ഐജിമാരുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഓള്‍ ഇന്ത്യന്‍ പോലീസ് യൂണിവേഴ്‌സിറ്റിയും, ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിയും സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അമിത് ഷാ പറഞ്ഞു.

ബലാത്സംഗവും കൊലപാതകവും പോലെയുള്ള കുറ്റകൃത്യങ്ങളില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ ഉതകുംവിധം ഐപിസിയും സിആര്‍പിസിയും ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയും നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

ഹൈദരാബാദ് വെടിവയ്പ് വിഷയത്തില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായ വിഷയമാണ് ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്നവരുടെ വിചാരണ വൈകുന്നത്. പ്രതികള്‍ക്ക് ശിക്ഷ വൈകുമ്പോള്‍ ഇരകളായവര്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം. പീഡനക്കേസുകളിലും കുട്ടികള്‍ക്കെതിരായ അതിക്രമ കേസുകളിലും അതിവേഗ കോടതി സ്ഥാപിച്ച് വിചാരണയും ശിക്ഷയും വേഗത്തിലാക്കണമെന്നാണ് പൊതുജനം ആവശ്യപ്പെടുന്നത്.