ബീഹാറില്‍ യുവതിക്ക് നേരെ അക്രമം ; തീ കൊളുത്തി കൊല്ലാന്‍ ശ്രമം

ബീഹാറില്‍ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. 80% പൊള്ളലേറ്റ യുവതിയെ മുസാഫര്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

ഡിസംബര്‍ ഏഴിനാണ് സംഭവം നടക്കുന്നത്. നാസിര്‍പുരിലെ ഗ്രാമത്തിലാണ് സംഭവം. ബലാത്സംഗ ശ്രമം ചെറുത്തതിന്റെ രോഷത്തില്‍ പ്രതി യുവതിയെ ജീവനോടെ തീകൊളുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

അതേസമയം, യുവതി ഗുരുതരാവസ്ഥയിലായതിനാല്‍ യുവതിയുടെ മൊഴി രേഖപെടുത്താന്‍ സാധിച്ചിട്ടില്ല എന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.സ്ത്രീകള്‍ക്ക് നേരെയുള്ള ക്രൂരതകള്‍ക്ക് അന്തമില്ല എന്ന് തെളിയിക്കുകയാണ് ഉത്തര്‍ പ്രദേശും ബീഹാറും.

ഇരു സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് നേരെയുള്ള ക്രൂരത ആവര്‍ത്തിക്കുകയാണ്. പെണ്‍കുട്ടികളെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുക, ആസിഡ് ആക്രമണം, തുടങ്ങി നിരവധി സംഭവങ്ങളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.