പൗരത്വ ഭേദഗതി ബില്‍ പാസാക്കി ; എതിര്‍ത്തത് 82 പേര്‍ മാത്രം
പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ ഒഴികെയുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വത്തിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ 82 പേര്‍ എതിര്‍ത്തപ്പോള്‍ 293 പേര്‍ അനുകൂലിച്ചാണ് വോട്ട് ചെയ്തത്. ബില്‍ അവതരിപ്പിക്കുന്നതിനാല്‍ ബിജെപി അംഗങ്ങള്‍ക്ക് 9 മുതല്‍ 12 വരെ സഭയില്‍ ഹാജരാകാന്‍ വിപ്പ് നല്കിയിട്ടുണ്ട്.
എന്‍.ഡി.എ വിട്ട ശിവസേന ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തതാണ് ഏറ്റവും ശ്രദ്ധേയമായത്. ബില്ലിലൂടെ വോട്ടുബാങ്കാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന അഭ്യൂഹങ്ങള്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അവസാനിപ്പിക്കണമെന്ന് ഇന്നു രാവിലെ ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ പൗരത്വം നല്‍കാന്‍ ഉദ്ദേശിക്കുന്ന കുടിയേറ്റക്കാരായ ഹിന്ദുക്കള്‍ക്ക് ഇവിടെ വോട്ടവകാശം ഉണ്ടാവില്ലെന്ന് അമിത് ഷാ ഉറപ്പുവരുത്തണമെന്നും സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.
അതേസമയം ലോക്സഭയില്‍ ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണു പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. ബില്ലിനെതിരെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, സി.പി.ഐ.എം, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവര്‍ രംഗത്തെത്തി. പൗരത്വഭേദഗതി ബില്ലില്‍ നിന്നും ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ഒഴിവാക്കിയെന്നും ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്നാല്‍, മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്നതാണ് ബില്ലെന്നും ന്യനപക്ഷങ്ങളെ ഭയപ്പെടുത്താനുള്ള ബില്ലാണ് ഇതെന്നും കോണ്‍ഗ്രസ് നേതാവ് അധീര്‍ രജ്ഞന്‍ ചൗധരി പറഞ്ഞു. അമിത് ഷാ പറയുന്നു ഇത് ഒരു ശതമാനം പോലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്ന് എന്നാല്‍ ഇത് നൂറ് ശതമാനവും ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ്, അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ ബില്‍ പാസായ സ്ഥിതിയ്ക്ക് 11ന് തന്നെ രാജ്യസഭയിലും ബില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.