ജമ്മു-കശ്മീര്‍ സാധാരണ നിലയില്‍ : അമിത് ഷാ

ജമ്മു-കശ്മീരിലെ സ്ഥിതി സാധാരണ നിലയിലാണ് എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീര്‍ താഴ്വരയിലെ സ്ഥിതി പൂര്‍ണമായും സാധാരണമാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര നടപടി, കശ്മീറില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് പ്രസ്താവിച്ചിരുന്നു. എന്നാല്‍ഒന്നും സംഭവിച്ചില്ല. ഒരു തവണ പോലും വെടിയുതിര്‍ക്കേണ്ട ആവശ്യം പ്രദേശത്ത് ഉണ്ടായിട്ടില്ല, അമിത് ഷാ പറഞ്ഞു.

അതുപോലെ ജമ്മു-കശ്മീരില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന രാഷ്ട്രീയ നേതാക്കളെ ഉചിതമായ സമയത്ത് പ്രാദേശിക ഭരണകൂടം വിട്ടയക്കുമെന്നും ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരുവിധ ഇടപെടലുകളും ഉണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു.

കശ്മീരി നേതാക്കളെ ഒരു ദിവസം പോലും കൂടുതലായി ജയിലിലാക്കാന്‍ ആഗ്രഹിക്കുന്നില്ല. ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും, ഫാറൂഖ് അബ്ദുള്ളയുടെ പിതാവിനെ 11 വര്‍ഷം കോണ്‍ഗ്രസ് ജയിലില്‍ അടച്ചിരുന്നു. ആ പാത പിന്തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ജമ്മു-കശ്മീര്‍ പ്രാദേശിക ഭരണകൂടം തീരുമാനിക്കുന്ന നിമിഷം അവര്‍ പുറത്തിറങ്ങും, ഷാ പറഞ്ഞു.

ഈ വര്‍ഷം ഓഗസ്റ്റ് 5നാണ് ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യുന്നതായി മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പ്രദേശത്ത് അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക നേതാക്കളെ മുന്‍കൂറായി വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചത്. എന്നാല്‍ സംഭവത്തിന് മാസങ്ങള്‍ പിന്നിട്ടിട്ടും നേതാക്കള്‍ ഇപ്പോഴും വീട് തടങ്കലില്‍ തന്നെയാണ്.