മലപ്പുറത്ത് ആര്‍എസ്എസ് ആക്രമണം ; ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്
മലപ്പുറം വള്ളിക്കുന്നില്‍ ലീഗ് പ്രവര്‍ത്തകനടക്കം രണ്ട് പേര്‍ക്കെതിരെ ആര്‍എസ്എസ് ആക്രമണം. ശറഫുദ്ദീന്‍, നവാസ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പാചകത്തൊഴിലാളിയായ ശറഫുദ്ദീന്‍ തന്റെ ജോലിക്കാരന്‍ നവാസിനെ മറ്റൊരു സുഹൃത്തിന്റെ അടുത്തെത്തിക്കാന്‍ വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനില്‍ ബൈക്കില്‍ പോയതായിരുന്നു. ഈ സമയം പ്രദേശത്ത് പരിശീലനം നടത്തിയിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇരുവരെയും ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതി.
ഇരുട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും മാരകായുധങ്ങള്‍ ഉപയോഗിച്ച് അടിച്ചുവീഴ്ത്തുകയുമായിരുന്നുവെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. സഹോദരനെ വിവരമറിയിക്കാന്‍ ശ്രമിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിച്ചുവെന്നും പണം അപഹരിച്ചുവെന്നും ആരോപണമുണ്ട്. തലപൊട്ടി രക്തം വാര്‍ന്ന ശറഫുദ്ദീനെ തെങ്ങില്‍ കെട്ടി ക്രൂരമര്‍ദനം തുടര്‍ന്നു. മോഷ്ടാക്കള്‍ എന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. തെങ്ങിലെ കെട്ടഴിച്ച ശേഷം പൊലീസാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. മാരകായുധങ്ങള്‍ ഉപയോഗിച്ച് പരുക്കേല്‍പ്പിച്ചതിന് ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ ചുമത്തി അന്വേഷണം ആരംഭിച്ചു.









