ഭര്‍ത്താവ് മരിച്ചു, എനിക്ക് ഒരു കുട്ടി ഉണ്ട്, വിവാഹത്തിന് താല്‍പര്യമില്ല; മലപ്പുറത്ത് ബസില്‍ കുത്തേറ്റ യുവതി

കോഴിക്കോട്: ഭര്‍ത്താവ് മരിച്ചതാണെന്നും തനിക്ക് ഒരു കുട്ടി ഉണ്ടെന്നും വിവാഹത്തിന് താല്പര്യം ഇല്ലെന്നും യുവാവിനോട് പറഞ്ഞിരുന്നതായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സില്‍ യുവാവിന്റെ കുത്തേറ്റ യുവതി വ്യക്തമാക്കി. അങ്കമാലിയില്‍ നിന്ന് സനിലിനെ കണ്ടിരുന്നുവെന്ന് യുവതി പറഞ്ഞു. യുവാവിനെ ഭയന്ന് അയാള്‍ അറിയാതെയാണ് താന്‍ ബസില്‍ കയറിയത്. പക്ഷെ എടപ്പാള്‍ സ്റ്റോപ്പില്‍ ബസ് എത്തിയപ്പോള്‍ യുവാവും ബസില്‍ കയറി. നീ മറ്റൊരാളുമായി സംസാരിക്കുന്നുണ്ടെന്നും ഫോണ്‍ വിളിക്കുന്നുണ്ടെന്നും പറഞ്ഞാണ് ബാഗില്‍ സൂക്ഷിച്ച കത്തി ഉപയോഗിച്ചു കുത്തിയതെന്ന് യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു.

യുവാവിന് തന്നെ ഇഷ്ടമായിരുന്നു. വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ താന്‍ സമ്മതിച്ചില്ല. തനിക്ക് ഒരു കുട്ടി ഉണ്ട്. ഭര്‍ത്താവ് മരിച്ചതാണ്. വിവാഹത്തിന് താല്പര്യം ഇല്ലെന്ന് പറഞ്ഞു മനസ്സിലാക്കിയിരുന്നു. വീട്ടുകാരും എതിര്‍ത്തിരുന്നു. അയാളും വിവാഹിതനാണ്. ഭീഷണി ഉള്ള കാര്യം പരാതിയായി പൊലീസില്‍ മുന്‍പ് നല്‍കിയിരുന്നുവെന്നും യുവതി പറഞ്ഞു.

അതേസമയം, യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് ശേഷം സ്വയം കഴുത്തറുത്ത യുവാവിന്റെ നില ?ഗുരുതരമായി തുടരുകയാണ്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഗൂഡല്ലൂര്‍ സ്വദേശി സീതയെയാണ് വയനാട് മൂലങ്കാവ് സ്വദേശി സനില്‍ കുത്തിയത്. ഇന്നലെ രാത്രി 11.15 ഓടെയായിരുന്നു ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നടുക്കുന്ന സംഭവമുണ്ടായത്. യുവാവ് കോട്ടയത്തും യുവതി ആലുവയിലുമാണ് ജോലി ചെയ്യുന്നത്. ഇരുവരും രണ്ടു വര്‍ഷത്തോളമായി പരിചയക്കാരാണെന്ന് പൊലീസ് അറിയിച്ചു.