ചൈനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തി
ചൈനയില്‍ കുടുങ്ങിയ 15 മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലെത്തി. ആശങ്കകള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവിലാണ് മലയാളി വിദ്യാര്‍ത്ഥികളുടെ 15 അംഗ സംഘം കൊച്ചിയിലെത്തിയത്. എയര്‍ ഏഷ്യയുടെ വിമാനത്തില്‍ രാത്രി 11.15 നാണ് വിദ്യാര്‍ത്ഥികള്‍ നെടുമ്പാശ്ശേരിയില്‍ എത്തിയത്.കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തിച്ച് ഇവരെ പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ വൈറസ് ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളെ വീടുകളിലേക്ക് അയച്ചു.
വിവാനത്താവളത്തിലെ മെഡിക്കല്‍ സംഘത്തിന്റെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം അഞ്ച് ആംബലന്‍സുകളിലായി ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ കോളേജിലെ പരിശോധനയിലും രോഗലക്ഷണങ്ങള്‍ കണ്ടില്ല. തുടര്‍ന്ന് രക്തം പരിശോധനക്ക് ശേഖരിച്ചു. അസ്വഭാവികമായി ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ഇവരെ വീടുകളിലേക്ക് അയയ്ക്കുകയായിരുന്നു.
ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ ദാലി സര്‍വകലാശാലയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളായ ഇവരുടെ സിംഗപ്പൂര്‍ വഴിയുള്ള വിമാനടിക്കറ്റുകള്‍ അസാധുവായതിനെത്തുടര്‍ന്നാണ് യാത്ര അനിശ്ചിതത്വത്തിലായത്.