കൊറോണ : ചൈനയില്‍ മരണസംഖ്യ 1468 കവിഞ്ഞു

കൊറോണ ശമിക്കാതെ ചൈന. വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ 1468 കടന്നതായി റിപ്പോര്‍ട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും വൈറസ് ബാധയ്ക്ക് ഇപ്പോഴും ശമനം ഉണ്ടായിട്ടില്ല എന്ന് മരണസംഖ്യകള്‍ സൂചിപ്പിക്കുന്നു. ഇന്നലെ മാത്രം 116 പേരാണ് ചൈനയിലെ ഹുബൈയില്‍ വൈറസ് ബാധമൂലം മരിച്ചത്.

ഇതോടെ 65,209 കേസുകളാണ് ചൈനയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനിടെ വൈറസ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഹുബൈ പ്രവിശ്യയില്‍ അധികാര സ്ഥാനത്തുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ സ്ഥാനങ്ങളില്‍ നിന്ന് നീക്കിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഹുബൈയിലെ പാര്‍ട്ടി സെക്രട്ടറി അടക്കമുള്ളവരെയാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്. വുഹാനിലെ ചില ഉദ്യോഗസ്ഥരെയും ചൈനീസ് സര്‍ക്കാര്‍ മാറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്.