ആര്‍ത്തവാവസ്ഥയിലുള്ള സ്ത്രീകള്‍ ആഹാരം പാകം ചെയ്താല്‍ അടുത്ത ജന്മം പെണ്‍പ്പട്ടിയായി ജീവിക്കേണ്ടി വരും : സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി

വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയ കോളേജിലെ നടത്തിപ്പുകാരില്‍ ഒരാളായ സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജിയുടെ വാക്കുകളാണിത്. കഴിഞ്ഞ ദിവസം 68 വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് ആര്‍ത്തവ പരിശോധന നടത്തിയ ഗുജറാത്തിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകരായ ബുജ്ജിലെ സ്വാമി നാരായണന്‍ മന്ദിര്‍ അനുഭാവികളില്‍ ഒരാളാണ് സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി. ആര്‍ത്തവ പരിശോധനയുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലും സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നടത്തുകയാണ് സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി.

ആര്‍ത്തവമുള്ള സ്ത്രീ പാകം ചെയ്യുന്ന ഭക്ഷണം നിങ്ങള്‍ കഴിക്കുകയാണെങ്കില്‍ അടുത്ത ജന്മം നിങ്ങളുടെ ജീവിതം കാളക്ക് സമാനമായിരിക്കും. അതുപോലെ ആര്‍ത്തവമുള്ള സ്ത്രീ അടുക്കളയില്‍ കയറി ഭര്‍ത്താവിന് ഭക്ഷണം പാകം ചെയ്ത് നല്‍കിയാല്‍ അടുത്ത ജന്മം മുഴുവന്‍ അവര്‍ പെണ്‍പട്ടിയായി ജീവിക്കേണ്ടി വരും’ ദാസ്ജി പറയുന്നു.
നിങ്ങള്‍ക്ക് എന്ത് തോന്നിയാലും അത് പ്രശ്‌നമല്ല. പക്ഷെ ഈ നിയമങ്ങള്‍ ആത്മീയ ഗ്രന്ഥങ്ങളില്‍ നിന്ന് എടുത്തിട്ടുള്ളതാണ്. ആര്‍ത്തവമുള്ള സ്ത്രീകള്‍ ഭക്ഷണം പാകം ചെയ്താല്‍ അടുത്ത ജന്മം പട്ടിയായി ജീവിക്കേണ്ടി വരും. ഞാനിത് പറയുമ്പോള്‍ എല്ലാവരും വിചാരിക്കും ഞാന്‍ കര്‍കശകാരനായ ഒരാളാണെന്ന്. സ്ത്രീകള്‍ തങ്ങള്‍ പട്ടികള്‍ ആകുമല്ലോ എന്നോര്‍ത്ത് വിലപിക്കും. പക്ഷെ ഇതാണ് യാഥാര്‍ത്ഥ്യം. അവര്‍ പട്ടികളാവുക തന്നെ ചെയ്യും’. കൃഷ്ണസ്വരൂപ് ദാസ്ജി പറഞ്ഞു. കൂടാതെ പുരുഷന്‍ന്മാര്‍ ഈ സമയങ്ങളില്‍ സ്വയം ആഹാരം ഉണ്ടാക്കി കഴിക്കണമെന്നും ഉപദേശിച്ചു.

കഴിഞ്ഞ ദിവസം ആര്‍ത്തമുണ്ടോ എന്ന് തെളിയിക്കാന്‍ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്റ്റല്‍ അധികൃതര്‍ 68 പെണ്‍കുട്ടികളുടെ അടിവസ്ത്രം പരിശോധിച്ചത് വിവാദമായിരുന്നു. സ്ഥാപനത്തിന്റെ നിയമ പ്രകാരം ആര്‍ത്തവ സമയത്ത് അമ്പലത്തിലോ അടുക്കളയിലോ കയറാന്‍ അനുവാദമില്ല. മറ്റ് കുട്ടികളെ പോലും ഈ സമയത്ത് സ്പര്‍ശിക്കാന്‍ പാടില്ല. ആര്‍ത്തവമാവുന്ന സമയത്ത് പെണ്‍കുട്ടികള്‍ അത് രജിസ്റ്ററില്‍ രേഖപ്പെടുത്തണം. പിന്നീട് അവരെ മൂന്ന് ദിവസത്തേക്ക് ഹോസ്റ്റലില്‍ നിന്ന് മാറ്റി താമസിപ്പിക്കും. ഭക്ഷണമുറിയില്‍ പോലും പ്രവേശിക്കാന്‍ കഴിയില്ല. എല്ലാവരും കടന്ന് പോകുന്ന ഇടനാഴിയില്‍ ഇരുത്തിയാണ് ഭക്ഷണം നല്‍കുന്നത്. പ്രശ്‌നത്തിന്റെ ഗൌരവം പുറം ലോകം അറിയാതിരിക്കാന്‍ വിദ്യാര്‍ത്ഥിനികളെ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തുകയാണ് കോളേജ് അധികൃതര്‍.

അതേസമയം സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെനാലു പേരെ പോലീസ് അറസ്റ്റ്‌ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍, കോര്‍ഡിനേറ്റര്‍, സൂപ്പര്‍വൈസര്‍, വനിതാ പ്യൂണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ രണ്ടുദിവസത്തെയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ദേശീയ വനിതാകമ്മീഷന്‍ ഉള്‍പ്പടെ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു.