കൊറോണ : ചൈനയില്‍ മരണം 2600 ; ചൈനയ്ക്ക് പുറത്തും മരണ നിരക്ക് കൂടുന്നു

ചൈനയില്‍ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 2600 കവിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. 508 പേര്‍ക്ക് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. ഇതോടെ ചൈനയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 77,658 കവിഞ്ഞു. കൊറോണ വൈറസ് ബാധയേറ്റ് ഇന്നലെ ഏതാണ്ട് 71 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ മാത്രം പുതുതായി 56 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വൈറസ് ബാധയ്ക്ക് ശമനമില്ലാതെ തുടരുന്ന ഈ സാഹചര്യത്തില്‍ മാര്‍ച്ചില്‍ നടക്കേണ്ട പാര്‍ലമെന്റിന്റെ വാര്‍ഷിക സമ്മേളനവും നീട്ടിവെച്ചിട്ടുണ്ട്. അതേസമയം ചൈനയ്ക്ക് പുറത്തും മരണ നിരക്ക് കൂടുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 893 കവിഞ്ഞു. പുതുതായി 60 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഇതുവരെ എട്ടു പേരാണ് കൊറോണമൂലം ഇവിടെ മരണമടഞ്ഞത്. കിഴക്കന്‍ കൊറിയയിലെ ഡെയിഗു, ചെങ്ഡോ നഗരങ്ങളിലാണ് രോഗം പടരുന്നത്. അതുപോലെ ചില ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ ബാധ രൂക്ഷമാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.