ഡല്‍ഹിയിലും തെലങ്കാനയിലും ഒരാള്‍ക്ക് വീത0 കൊറോണ ബാധ

ഇന്ത്യയില്‍ വീണ്ടും കൊറോണ വൈറസ് ബാധ. ഡല്‍ഹിയിലും തെലങ്കാനയിലും ഒരാള്‍ക്ക് വീതമാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ നിന്ന് വന്നയാള്‍ക്കാണ് ഡല്‍ഹിയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തെലങ്കാനയില്‍ ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരനിലാണ് കൊറോണ വൈറസ് ബാധ കണ്ടത്. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

അതേസമയം, നിലവില്‍ കേരളത്തില്‍ കൊവിഡ് 19 (കൊറോണ വൈറസ്) ബാധിച്ച് ആരും ചികിത്സയിലില്ല. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുള്‍പ്പടെ നിരവധിപ്പേര്‍ ഐസൊലേഷന്‍ വാര്‍ഡിലുണ്ട്. വെള്ളിയാഴ്ചയാണ് കൊവിഡ് 19 ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടത്.

എങ്കിലും ഇപ്പോള്‍ കേരളത്തെ കൊവിഡ് 19 വിമുക്തമായി പ്രഖ്യാപിക്കാറായിട്ടില്ലെന്ന് തന്നെയാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്. രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചത് മലയാളികളിലായിരുന്നു. ചൈനയില്‍ നിന്ന് വന്ന വിദ്യാര്‍ത്ഥിക്കാണ് ആദ്യം വൈറസ് ബാധ സ്ഥിതീകരിച്ചത്.