കേരളത്തില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ ബാധ
സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരും തൃശൂരുമാണ് ഓരോ കേസുകള്‍ സ്ഥിരീകരിച്ചത് . ദുബായ്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തിയവരിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധയുള്ളവരുടെ എണ്ണം 19 ആയി. അതുപോലെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്ത തിരുവനന്തപുരം സ്വദേശിയുടെ അന്തിമഫലം ലഭിക്കാനുണ്ട്.
കോവിഡ് 19 സംശയിക്കുന്ന 4150 പേര് സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാനത്ത് കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്ന് പറയാറായിട്ടില്ല. മാര്‍ച്ച് 31 വരെ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് ആവര്‍ത്തിക്കുന്നു. ജാഗ്രത തുടരേണ്ട സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രായമുള്ളവര്‍ക്ക് രോഗം വന്നാല്‍ മാരകമാവും. അവര്‍ക്ക് പ്രത്യേക പരിചരണം വേണം. വയോജന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നിയന്ത്രിക്കും. രോഗമുണ്ടെന്ന സംശയമുള്ളവര്‍ നേരിട്ട് ആശുപത്രിയിലെത്തുകയല്ല വേണ്ടത്. ആരോഗ്യ വകുപ്പിനെ അറിയിക്കണം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ബോധവല്‍ക്കരണം നടത്തും. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.
വിമാനത്താവളങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. തുറമുഖങ്ങളിലും സമാന പരിശോധന നടത്തും. റെയില്‍വേ സ്റ്റേഷന്, സംസ്ഥാന അതിര്‍ത്തികള്‍ എന്നിവിടങ്ങളിലും പ്രതിരോധ നടപടികളുണ്ട്. വിദേശ രാജ്യങ്ങളില്‍ തിരിച്ചു പോകാന്‍ കഴിയാത്തവര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സ്ഥിതിയുണ്ട്. നോര്‍ക ഇടപെടും. എംബസികളെ ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേകം ബോധവത്കരണം. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.