ഉന്നാവ് പീഡനം ; പെണ്‍കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ കുല്‍ദീപ് സിംഗ് സെന്‍ഗറിന് പത്ത് വര്‍ഷം കഠിനതടവ്
വിവാദമായ ഉന്നാവ് പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിന് പത്ത് വര്‍ഷം കഠിനതടവ്. കൂടാതെ പെണ്‍കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഡല്‍ഹി തീസ് ഹസാരി കോടതി ഉത്തരവിട്ടു. കുല്‍ദീപ് സിംഗിന്റെ സഹോദരന്‍ അതുല്‍ സെന്‍ഗറിനെയും കോടതി ശിക്ഷിച്ചു.
നിലവില്‍ പീഡനകേസില്‍ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുകയാണ് കുല്‍ദീപ്. ഇതിനിടെയാണ്, പെണ്‍ക്കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ സെന്‍ഗറിനെ അടക്കം ഏഴ് പ്രതികളെ ഡല്‍ഹി തീസ് ഹസാരി കോടതി ശിക്ഷിച്ചത്. നിയമം പാലിക്കാന്‍ ബാധ്യസ്ഥനായ ജനപ്രതിനിധി കുറ്റകൃത്യം ചെയ്തുവെന്ന് സെഷന്‍സ് ജഡ്ജി ധര്‍മേഷ് ശര്‍മ പറഞ്ഞു.
ഇരയുടെ അച്ഛനെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ചുകൊന്ന രീതിയെയും കോടതി പരാമര്‍ശിച്ചു. കുല്‍ദീപ് സിംഗ് സെന്‍ഗര്‍ ഒരു ഇളവും അര്‍ഹിക്കുന്നില്ലെന്നും വ്യക്തമാക്കി. സഹോദരന്‍ അതുല്‍ സെന്‍ഗറും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും അടക്കം മറ്റ് ആറ് പ്രതികളും പത്ത് വര്‍ഷം കഠിനതടവ് അനുഭവിക്കണം.
2018 ഏപ്രില്‍ മൂന്നിനാണ് ഇരയുടെ അച്ഛനെ ആയുധക്കേസില്‍ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് ദിവസത്തിന് ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു. അതുപോലെ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്കിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ഇയാള്‍ വിചാരണ നേരിടുകയാണ്.