കൊറോണ ; തിരുവനന്തപുരത്ത് അതീവ ജാഗ്രതാ നിര്‍ദേശം
കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജനങ്ങള്‍ അനാവശ്യമായി പുറത്തേയ്ക്ക് ഇറങ്ങരുതെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. അതുപോലെ ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും പൊതുഗതാഗത സംവിധാനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും കളക്ടര്‍ അറിയിച്ചു.
ഷോപ്പിംഗ് മാളുകള്‍ അടച്ചിടും. ബ്യൂട്ടിപാര്‍ലറുകളും ജിമ്മുകളും പൂട്ടും. സ്പാ, മസാജ് പാര്‍ലറുകള്‍ എന്നിവയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തും. ബീച്ചിലേയ്ക്കുള്ള പ്രവേശനം നിരോധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. അതുപോലെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശം പാലിക്കുന്നില്ലെന്നും കളക്ടര്‍ കുറ്റപ്പെടുത്തി. ഇവര്‍ ബന്ധുക്കളുമായി അടുത്തിടപഴകുന്നുണ്ട്. പനിയും ജലദോഷവുമുള്ളവര്‍ വീടുകളില്‍ കഴിയണം. പുറത്തേയ്ക്ക് ഇറങ്ങരുത്. വര്‍ക്കലയിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
തിരുവനന്തപുരം സ്വദേശികളായ രണ്ട് രോഗബാധിതര്‍ സഞ്ചരിച്ച സ്ഥലങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ പ്രയാസമില്ല. എന്നാല്‍ ഇറ്റാലിയന്‍ പൗരന്മാര് സഞ്ചരിച്ച വഴികള്‍ കണ്ടെത്തുക പ്രയാസമാണ് എന്നും കളക്റ്റര്‍ അറിയിച്ചു.