ഇറ്റലിയിലും ഇറാനിലും കുടുങ്ങിയ ഇന്ത്യാക്കാരെ തിരികെ എത്തിച്ചു

കൊറോണയെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് തുടരുന്നു. ഇറാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരുടെ മൂന്നാമത്തെ സംഘത്തെയും ഇറ്റലിയില്‍ കുടുങ്ങിയവരെയും നാട്ടിലെത്തിച്ചു. 131 വിദ്യാര്‍ത്ഥികളും 103 തീര്‍ത്ഥാടകരും ഉള്‍പ്പെടെ 243 അംഗ സംഘത്തെയാണ് ഇന്ന് രാവിലെ ഇറാനില്‍ നിന്നും തിരിച്ചെത്തിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു.

ഇറാനില്‍ നിന്നും 58 അംഗങ്ങളുടെ ആദ്യ സംഘത്തെ ചൊവ്വാഴ്ചയും 44 അംഗളുടെ രണ്ടാമത്തെ സംഘത്തെ വെള്ളിയാഴ്ചയും ഇന്ത്യയില്‍ എത്തിച്ചിരുന്നു. ഇവരെ C17 Military Transport ല്‍ ആണ് ഇന്ത്യയില്‍ എത്തിച്ചത്. ചൈനയ്ക്ക് ശേഷം കൊറോണ വൈറസ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇറാനിലാണ്. ഇവിടെ ഇതുവരെയായി 12,729 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ 611 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതുപോലെ ഇറ്റലിയില്‍ കുടുങ്ങിക്കിടന്നിരുന്ന 218 ഇന്ത്യാക്കാരെയും നാട്ടിലെത്തിച്ചു. 211 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കൂടാതെ 7 പേരും അടങ്ങുന്ന സംഘത്തെയാണ് ഇന്നു രാവിലെ ഡല്‍ഹിയില്‍ എത്തിച്ചത്. കൊറോണ വൈറസ് മഹാമാരിയായ തുടരുന്ന ഈ സാഹചര്യത്തില്‍ ഇറ്റലി വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു അവര്‍ ഡല്‍ഹിയില്‍ എത്തിയത്. വന്നവര്‍ എല്ലാവരും 14 ദിവസത്തേയ്ക്ക് നിരീക്ഷണത്തിലായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.