കൊറോണ മരണ സംഖ്യ 5800 കടന്നു ; സ്‌പെയിന്‍ പ്രധാനമന്ത്രിയുടെ ഭാര്യക്ക് കൊറോണ ; ട്രംപിനു കൊറോണ ഇല്ല

കൊറോണ ഭയത്തില്‍ ലോകത്തിലെ മിക്ക രാജ്യങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. യുറോപ്പിലാണ് കൊറോണ വൈറസ് ബാധ ഏറ്റവുമധികം രൂക്ഷമായിരിക്കുന്നത്.വൈറസ് വ്യാപനം തടയുന്നതിനായി കടുത്ത നടപടികള്‍ രാജ്യങ്ങള്‍ കൈകൊണ്ടിരിക്കുകയാണ്.യൂറോപ്യന്‍ രാജ്യങ്ങള്‍ കലാ,കായിക,സാംസ്‌ക്കാരിക പരിപാടികള്‍ ഒക്കെ റദ്ദ് ചെയ്തിരിക്കുകയാണ്.യൂറോപ്പില്‍ കൊറോണ അതിവേഗം പടരുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊറോണയെ തുടര്‍ന്ന് സ്‌പെയിനില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യ മരിയ ബെഗോണ ഗോമസിന് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇറ്റലി,സ്‌പെയിന്‍,സ്ലോവാക്യ എന്നീ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചു,ബ്രിട്ടനില്‍ നിന്നും സ്‌പെയിനിലെക്കുള്ള വിമാന സര്‍വീസുകള്‍ ബജറ്റ് വിമാന കമ്പനി ജെറ്റ്-2 എയര്‍ലൈന്‍സ് നിര്‍ത്തി വെച്ചിരിക്കുകയാണ്.അമേരിക്ക ബ്രിട്ടനിലേക്കും അയര്‍ലാന്‍ഡിലേക്കും ഉള്ള എല്ലാ വിമാന സെര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്.ഫ്രാന്‍സിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.യൂറോപ്പില്‍ ആദ്യം കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് ഫ്രാന്‍സില്‍ ആണ്.

ഈ രാജ്യങ്ങളിലേക്ക് അമേരിക്ക യാത്രാ വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്.അമേരിക്ക ഇതോടെ യൂറോപ്പിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് എര്‍പെടുത്തിയിരിക്കുകയാണ്.വെനെസ്വേല,റുവാണ്ട,നമീബിയ എന്നീ രാജ്യങ്ങളിലും കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളും അതീവ ജാഗ്രതയിലാണ്. സൗദി അറേബ്യ രണ്ടാഴ്ച്ചത്തേക്ക് വ്യോമഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ ലോകാരോഗ്യ സംഘടന നിരീക്ഷിക്കുകയാണ്.ബ്രസീലിലും അതീവ ജാഗ്രതയിലാണ്.ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച മുന്നറിയിപ്പും പ്രതിരോധ നടപടികളും പാലിക്കണം എന്ന നിര്‍ദേശം എല്ലാ രാജ്യങ്ങളും ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

അതേസമയം അമേരിക്കാന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് കൊറോണ ഇല്ല, വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം.ട്രംപിന്റെ പരിശോധനാ ഫലം നെഗറ്റീവ് എന്ന് വൈറ്റ് ഹൗസ് അറിയിച്ചു. നേരത്തെ ട്രംപിനോപ്പംവാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ബ്രസീലിയന്‍ ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ട്രംപിനെ കൊറൊണാ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കിയത്.

വൈറ്റ് ഹൗസിലെ ഡോക്റ്റര്‍മാരുടെ നിര്‍ദേശം അനുസരിച്ചാണ് ഇപ്പോള്‍ പരിശോധന നടത്തുന്നതെന്നും തനിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് 41 പേരാണ് മരിച്ചത്. രണ്ടായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.